പാറശ്ശാല: കുടുംബശ്രീക്ക് കീഴിലുള്ള ജനകീയ ഹോട്ടലുകളിലെ വനിത തൊഴിലാളികൾക്ക് കൂലി ലഭിച്ചിട്ട് മാസങ്ങളായി. മുഖം തിരിച്ച് സര്‍ക്കാറും. കോവിഡ് കാലത്ത് രൂപംനൽകിയ കമ്യൂണിറ്റി കിച്ചനാണ് സംസ്ഥാന വ്യാപകമായി 1200 ഓളം ജനകീയ ഹോട്ടലുകളായി പരിണമിച്ചത്. ഏഴും എട്ടും തൊഴിലാളികളാണ് ഓരോ ഹോട്ടലിനെയും ആശ്രയിച്ച് ജീവിക്കുന്നത്. ഇവര്‍ നല്കുന്ന ഉച്ചയൂണ് അടക്കമുള്ളവക്ക് സംസ്ഥാന കുടുംബശ്രീ മിഷൻ പത്തുരൂപ സബ്സിഡി ഏര്‍പ്പെടുത്തിയിരുന്നു. ഇത് സമയബന്ധിതമായി നല്‍കാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണം. ജനകീയ ഹോട്ടല്‍ ആരംഭിച്ചപ്പോൾ 27 രൂപയായിരുന്ന അരിയുടെ വില ഇപ്പോള്‍ 52 ആയതും പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും വിലകള്‍ ഇരട്ടിയായതും ഹോട്ടലുകളുടെ നടത്തിപ്പിന് പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കുന്നു.
കുടുംബശ്രീക്ക് കീഴില്‍ ജില്ലയില്‍ 106 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധികള്‍ കാരണം മൂന്ന് ഹോട്ടലുകള്‍ പൂട്ടി. ജില്ല പഞ്ചായത്തുകള്‍ നടപ്പാക്കിയ പാഥേയം പദ്ധതിയുടെ നടത്തിപ്പും കുടുംബശ്രീക്കാണ്. ഇതിലേക്ക് ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, അതാത് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷന് എന്നിവ പാഥേയം പദ്ധതിക്ക് നല്‍കാനുള്ള തുക കൃത്യസമയത്ത് ഏൽപിക്കാത്തതും ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിച്ചു. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ആഭരണം പണയംവെച്ചാണ് പല ഹോട്ടലുകളും മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു. 20 രൂപയുമായി ഒരു നേരത്തെ ആഹാരം കഴിക്കാൻ ഓരോ കുടുംബശ്രീ ഹോട്ടലുകളിൽ എത്തുന്ന സാധാരണക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. പ്രതിസന്ധികള്‍ രൂക്ഷമായശേഷം പല ജനകീയ ഹോട്ടലുകളിലും ഉച്ചയൂണ് മാത്രമാണുള്ളത്. പ്രതിസന്ധി തരണംചെയ്യാന്‍ മൂന്നുമാസം മുമ്പ് ഓരോ ജില്ലക്കും ഓരോ കോടി രൂപ വീതം നീക്കിവെച്ചെങ്കിലും ഭാഗികമായി മാത്രമാണ് ലഭിച്ചത്. 10 ശതമാനം സബ്സിഡി കൃത്യസമയത്ത് അധികൃതര്‍ നല്കുകയാണെങ്കില് പ്രതിസന്ധി തരണം ചെയ്യാനാകുമെന്ന് ജീവനക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.