ആറ്റിങ്ങൽ: സ്റ്റേഷനിലെ വാഹനങ്ങൾ പണിമുടക്കുന്നത് പതിവായതോടെ അഞ്ചുതെങ്ങ് പൊലീസിന്റെ പ്രവർത്തനം താളംതെറ്റുന്നു. കാലപ്പഴക്കവും യഥാസമയം അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തതുമാണ് പൊലീസ് വാഹനങ്ങൾ വഴിയിലാക്കുന്നത്. രണ്ട് ബൊലേറോ വാഹനങ്ങളാണ് നിലവിൽ സ്റ്റേഷനിൽ ഉള്ളത്. അതിൽ 2014 രജിസ്ട്രേഷനിലെ വാഹനം മൂന്നു ലക്ഷത്തിൽ അധികം കിലോമീറ്ററും 2016ലെ വാഹനം രണ്ടു ലക്ഷത്തിൽ അധികം കിലോമീറ്ററുമാണ് ഓടിയിട്ടുള്ളത്.
സാധാരണ ഗ്രാമീണ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾ ഇതിൽ കൂടുതൽ വർഷം ഉപയോഗിക്കാറുണ്ട്. എന്നാൽ, തീരദേശമേഖലയായതിനാൽ ഉപ്പുരസം കലർന്ന കാറ്റിന്റെ സാമീപ്യം വാഹനങ്ങൾക്ക് പെട്ടെന്ന് കേടുപാടുണ്ടാവാൻ കാരണമാകുന്നു. കൃത്യമായ ഇടവേളകളിലെ അറ്റകുറ്റപ്പണിയും പരിപാലനവും സാധ്യമാവാത്തതും വാഹനങ്ങൾ വളരെവേഗം നശിക്കാൻ ഇടയാക്കുന്നുണ്ട്. മഴക്കാലത്ത് വാഹനങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ്. തുരുമ്പുപിടിച്ച് ദ്രവിച്ചതോടെ വാഹനത്തിന്റെ പല ഭാഗങ്ങളും ഉറപ്പിച്ചിട്ടുള്ള ഫ്രെയിമുകളിൽനിന്ന് ഇളകി മാറി. ഇവയിൽ പലതും കയറുകൊണ്ടും മറ്റും കെട്ടിവെച്ചിരിക്കുകയാണ്.
രാത്രിയിലടക്കം അടിയന്തര സാഹചര്യങ്ങളിൽ അഞ്ചുതെങ്ങ് പൊലീസിന്റെ സേവനം ലഭ്യമാകാൻ നിലവിൽ പരാതിക്കാർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. പലപ്പോഴും വാഹനം സ്റ്റാർട്ട് ആകാൻതന്നെ മണിക്കൂറുകൾ വേണ്ടിവരുന്നു. ചില ഘട്ടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളുടെയും പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയവരുടെയും സഹായത്തോടെ വാഹനം മീറ്ററുകളോളം തള്ളി സ്റ്റാർട്ടാക്കിയാണ് അന്വേഷണങ്ങൾക്കും മറ്റും പോകുന്നത്. സ്റ്റാർട്ടായ വാഹനം ഓഫാക്കിയാൽ വീണ്ടും സ്റ്റാർട്ട് ആയില്ലെങ്കിലോ എന്ന ഭയത്താൽ വാഹനത്തിന്റെ എൻജിൻ ഓഫ് ആക്കാറില്ല. ഇതുകാരണം ഇന്ധനച്ചെലവും വർധിക്കുന്നു. അഞ്ചുതെങ്ങ് മുതലപ്പൊഴി മുതൽ വിളബ്ഭാഗം, മീരാൻകടവ് വരെയുള്ള പ്രദേശങ്ങളാണ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.