തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലും കോഴിക്കോട് മോഡൽ കെട്ടിട നമ്പർ തട്ടിപ്പ്. കോർപറേഷനിലെ കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്ന സഞ്ചയ സോഫ്റ്റ് വെയറിൽ റവന്യൂ ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടർ യൂസർ നെയിമും പാസ്വേഡും ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതായി കണ്ടെത്തി.
സംഭവത്തിൽ രണ്ട് താൽക്കാലിക ജീവനക്കാരെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
ആരാണ് ക്രമക്കേട് നടത്തിയതെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഇവർ ഉപയോഗിച്ച കമ്പ്യൂട്ടറിൽ നിന്നാണ് വ്യാജ കെട്ടിട നമ്പർ നൽകിയതെന്ന് കണ്ടെത്തിയതോടെയാണ് ജീവനക്കാരെ മാറ്റിനിർത്താൻ ഭരണസമിതി തീരുമാനിച്ചത്.
മേയർ നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേശവദാസപുരം വാർഡിൽ മരപ്പാലത്തുള്ള അജയഘോഷിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കെട്ടിടങ്ങളുടെ നിർമാണവിവരങ്ങൾ നൽകിയാണ് തട്ടിപ്പ് നടന്നത്.
കോഴിക്കോട് കോർപറേഷനിൽ തട്ടിപ്പ് കണ്ടെത്തിയതിനുപിന്നാലെ ആസ്ഥാന ഓഫിസ്, ഫോർട്ട്, നേമം സോണൽ ഓഫിസുകൾ എന്നിവിടങ്ങളിൽ നിന്ന് അനുവദിച്ച കെട്ടിട നമ്പറുകൾ പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ ആകെ 1686 കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതിൽ 312 എണ്ണത്തിന്റെ പരിശോധന പൂർത്തിയായപ്പോഴാണ് ക്രമക്കേട് പിടികൂടിയത്.
കേശവദാസപുരം വാർഡിലെ ബിൽ കലക്ടറുടെ സംശയവും അതിനെ തുടർന്നുണ്ടായ പരാതിയുമാണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. ബിൽ കലക്ടറുടെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ജനുവരി 28ന് രാവിലെ 8.26 നാണ് ഫയൽ കമ്പ്യൂട്ടറിൽ എന്റർ ചെയ്തിരിക്കുന്നത്.
റവന്യൂ ഇൻസ്പെക്ടറുടെ പാസ്വേഡ് ഉപയോഗിച്ച് 8.30ന് പരിശോധിക്കുകയും 8.37ന് റവന്യൂ ഓഫിസറുടെ പാസ്വേഡ് ഉപയോഗിച്ച് സി 15/ 2909 (1), ടിസി 15/ 2909 (2) നമ്പർ അനുവദിക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.
തിരുവനന്തപുരം: നഗരസഭയിൽ റവന്യൂ വിഭാഗത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ അത്യന്തം ഗൗരവവും അന്വേഷണവിധേയമാക്കേണ്ടതുമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റും കൗൺസിലറുമായ അഡ്വ. വി.വി. രാജേഷ് ആവശ്യപ്പെട്ടു. പല ഉദ്യോഗസ്ഥരുടെയും ഒത്താശയോടുകൂടി നടത്തിയ ഇത്തരം ക്രമക്കേടുകൾക്ക് രണ്ടു താൽക്കാലിക ജീവനക്കാരെ മാത്രം മാറ്റിനിർത്തുന്നതിലൂടെ യഥാർഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ ഭരണസമിതി കൈക്കൊണ്ടിരിക്കുന്നത്. യഥാർഥ പ്രതികളെ പുറംലോകത്ത് കൊണ്ടുവരുന്നതുവരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും രാജേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.