തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടവരുടെ ഏറ്റവും പുതിയ വ്യക്തിഗത വിവരപട്ടിക തയാറാക്കുന്ന നടപടി ആരംഭിച്ചു. നിലവിൽ അവർ ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്നത് ഉൾപ്പെടെ കാര്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. മുമ്പ് ഗുണ്ടാനേതാക്കളായിരുന്ന ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ തലസ്ഥാന നഗരയിൽ വ്യത്യസ്ത ആക്രമണ സംഭവങ്ങളുണ്ടായ സാഹചര്യത്തിലും റൂറലിൽ പലയിടങ്ങളിലും ഗുണ്ടകൾ സജീവമാണെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് ആസ്ഥാനത്തുനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, ഏറ്റവും പുതിയ ഫോട്ടോ എന്നിവ വാങ്ങി പുതിയ പ്രൊഫൈലുകൾ ഉണ്ടാക്കാനുള്ള നിർദേശമാണ് സ്റ്റേഷൻ എസ്.എച്ച്.ഒമാർക്ക് നൽകിയത്. പലരുടെയും ഫോൺ നമ്പറുകളും താമസിച്ചിരുന്ന സ്ഥലവും മാറിയതായാണ് പരിശോധനയിൽ കണ്ടെത്തിയത്.
മുമ്പ് ഇത്തരം ഗുണ്ടാസംഘങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പക്ഷേ, കുറേ കാലമായി ഇത്തരം നടപടികളൊന്നും നടന്നിരുന്നില്ല.
പാറ്റൂർ, കഴക്കൂട്ടം, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ഗുണ്ടാ ആക്രണങ്ങൾ ഉണ്ടായത് പൊലീസിന് തലവേദനയായിട്ടുണ്ട്. എന്നാൽ, പല ഗുണ്ടകൾക്കും പൊലീസിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവരികയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഒരു സി.ഐയെ സസ്പെൻഡ് ചെയ്തത്. റിയൽ എസ്റ്റേറ്റ്, ഫ്ലാറ്റ് നിർമാണം എന്നിവയുടെ മറവിൽ പ്രവർത്തിച്ച സംഘങ്ങൾ ഇപ്പോൾ ലഹരി ഇടപാടുകളിലേക്കും കടന്നതായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
ലഹരി മാഫിയ സംഘങ്ങൾ ജീപ്പ് അടിച്ച് തകർത്ത് പൊലീസിനെ പെട്രോൾ ബോംബ് എറിഞ്ഞശേഷം വിലങ്ങണിയിച്ച പ്രതികളെ രക്ഷപ്പെടുത്തിയ സംഭവമുൾപ്പെടെയുണ്ടായതും പൊലീസിന് നാണക്കേടുണ്ടാക്കി. ആ സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.