തിരുവനന്തപുരം: കോർപറേഷൻ ഭരിക്കാൻ സ്വപ്നം കണ്ടിരിക്കുന്ന യു.ഡി.എഫിനെയും ബി.ജെ.പിയെയും പിന്നിലാക്കി സ്ഥാനാർഥി നിർണയത്തിൽ ബഹുദൂരം മുന്നിൽ എൽ.ഡി.എഫ്. മൂന്ന് മുന്നണികളും അഭിമാന പോരാട്ടമായി കൊണ്ടിരിക്കുന്ന തലസ്ഥാനത്ത് സി.പി.എം തങ്ങളുടെ ഭൂരിഭാഗം സ്ഥാനാർഥികളെയും നിർണയിച്ചു.
നവംബർ ആദ്യവാരത്തോടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ എസ്. പുഷ്പലതയെയും മീനാംബികയെയുമാണ് മേയർ സ്ഥാനാർഥികളായി ജില്ല കമ്മിറ്റി മുന്നോട്ടുവെക്കുന്നത്. എസ്. പുഷ്പലത അഞ്ചാം തവണയും നെടുങ്കണ്ടം വാർഡിൽ ജനവിധി തേടും.
മഹിള അസോസിയേഷൻ നേതാവ് മീനാംബികക്ക് പേരൂർക്കട വാർഡാണ് നൽകിയിരിക്കുന്നത്. അതേസമയം ഇവർക്ക് രണ്ടുപേർക്കും മുകളിലായി സംസ്ഥാന നേതൃത്വം ടി.എൻ. സീമയെയും മേയർ സ്ഥാനാർഥിയായി ഇറക്കുമെന്ന അഭ്യൂഹം ശക്തമാണ്. മെഡിക്കൽ കോളജ് വാർഡാണ് സംസ്ഥാന നേതൃത്വം സീമക്കായി കണ്ടുവെച്ചിരിക്കുന്നത്. നിലവിലെ മേയർ കെ. ശ്രീകുമാർ കരിക്കകത്ത് മത്സരിക്കുമെന്നാണ് വിവരം.
വഞ്ചിയൂരിൽ നിലവിലെ കൗൺസിലർ വഞ്ചിയൂർ ബാബുവിെൻറ മകൾ ഗായത്രി സ്ഥാനാർഥിയാകും. ബാലസംഘം സംസ്ഥാന പ്രസിഡൻറ് ആര്യ രാജേന്ദ്രൻ സി.പി.എമ്മിെൻറ സ്ഥാനാർഥി പട്ടികയിലെ യുവമുഖങ്ങളിൽ ശ്രേദ്ധയമാണ്. മുടവൻമുകളിൽ ആര്യ സ്ഥാനാർഥിയാകും. ഒാൾസെയിൻറ്സ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. എന്നാൽ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവിന് ഇത്തവണ സീറ്റില്ല. കുന്നുകുഴി വാർഡ് വനിത സം
വരണമായതാണ് ബിനുവിന് തിരിച്ചടിയായത്. തിരുമലയിൽ ആർ.പി. ശിവജിയും കടകംപള്ളിയിൽ പി.കെ. ഗോപകുമാറും മത്സരിക്കും. ശിവജി നിലവിൽ പുന്നയ്ക്കാമുകളിലെ കൗൺസിലറാണ്. സി.പി.ഐയുടെ സീറ്റുകളിൽ അന്തിമധാരണയായിട്ടില്ല. കഴിഞ്ഞതവണ 18 സീറ്റിലാണ് മത്സരിച്ചത്. അതേസമയം ഡെപ്യൂട്ടിമേയർ രാഖി രവികുമാർ വഴുതക്കാട്ട് വീണ്ടും ജനവിധി തേടും. മറ്റുള്ളവരുടെ കാര്യത്തിൽ വ്യക്തതയില്ല.
ഏരിയ കമ്മിറ്റികൾ നൽകിയ പട്ടികകൾ വി. ശിവൻകുട്ടി സെക്രട്ടറിയായിട്ടുള്ള സി.പി.എം നഗരസഭ തെരഞ്ഞെുപ്പ് കമ്മിറ്റി പരിശോധിച്ച് അന്തിമ പട്ടിക തയാറാക്കി ജില്ല സെക്രട്ടറിയേറ്റിന് സമർപ്പിച്ചിട്ടുണ്ട്. പാൽകുളങ്ങര അടക്കം സി.പി.എമ്മിനുള്ളിൽ തന്നെ തർക്കമുള്ള വാർഡുകളിലും ഘടകകക്ഷികളുമായി തർക്കമുള്ള വാർഡുകളിലും മാത്രമാണ് ഇനി സ്ഥാനാർഥി നിർണയം പൂർത്തിയാകാനുള്ളത്. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്കുശേഷം അന്തിമ ഭേദഗതികളോടെ ഒക്ടോബർ 30നോ നവംബർ ആദ്യവാരത്തോടുകൂടിയോ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം യു.ഡി.എഫിെൻറ സീറ്റ് ചർച്ചകൾ നവംബർ ഒന്നോടെ ആരംഭിക്കും. കഴിഞ്ഞ തവണത്തെപ്പോലെ റിബലുകളെയാണ് കോൺഗ്രസും യു.ഡി.എഫും ഭയക്കുന്നത്. റിബലുകളെ നിലക്ക് നിർത്താൻ കഴിഞ്ഞാൽ ഇത്തവണ തലസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്താമെന്നാണ് കോൺഗ്രസിെൻറ കണക്കുകൂട്ടൽ.
അതുകൊണ്ടുതന്നെ 'സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ' വേണ്ടെന്ന കർശന നിലപാടാണ് ജില്ല കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
മേയർ സ്ഥാനം ലക്ഷ്യമിട്ട് സ്‌പോട്സ് കൗൺസിൽ മുൻ പ്രസിഡൻറ് പത്മിനി തോമസ്, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് രമണി.പി.നായർ എന്നിവരെ രംഗത്തിറക്കുമെന്ന അഭ്യുഹങ്ങളുണ്ട്. അതേസമയം മഹിള മോർച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമയെ മുന്നിൽ നിർത്തി കളം പിടിക്കാനുള്ള തന്ത്രങ്ങളാണ് ബി.ജെ.പിക്കുള്ളത്. എന്നാൽ, പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസം സ്ഥാനാർഥി നിർണയത്തെ വലിയതോതിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.