തിരുവനന്തപുരം: കളിയുടെ മർമമറിഞ്ഞ് കളത്തിൽ മഞ്ഞയിലാറാടാൻ അനന്തപുരിയുടെ കൊമ്പന്മാർ ചൊവ്വാഴ്ച സാമൂതിരിയുടെ നാട്ടിൽ ഇറങ്ങും. തലസ്ഥാനത്തിന്റെ ഫുട്ബാൾ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്താണ് സൂപ്പർ ലീഗ് കേരളയിലെ ആദ്യ മത്സരത്തിന് ബ്രസീലിയൻ ഹെഡ് കോച്ച് സെർജിയോ അലക്സാന്ദ്രെയുടെ കീഴിൽ തിരുവനന്തപുരം കൊമ്പൻസ് കാലിക്കറ്റ് എഫ്.സിക്കെതിരെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ പന്തുതട്ടുക. ഗോവയിലെ 10 ദിവസത്തെ കഠിന പരിശീലനത്തിനു ശേഷമാണ് കൊമ്പന്മാർ കഴിഞ്ഞദിവസം കേരളത്തിൽ പറന്നിറങ്ങിയത്. പരിശീലന മത്സരങ്ങളിൽ സാൽഗോക്കർ എഫ്.സിയോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും കരുത്തരായ ഡെമ്പോ എഫ്.സിയെ 4-2നും ഐ.എസ്.എൽ ടീമായ ഗോവ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും തറപറ്റിച്ചിരുന്നു.
ആറ് ബ്രസീലിയൻ താരങ്ങളാണ് ഇത്തവണ കൊമ്പൻസിനൊപ്പമുള്ളത്. ബ്രസീലിയന്‍ രണ്ടാം ഡിവിഷനില്‍ കളിച്ചിട്ടുള്ള മധ്യനിരതാരങ്ങളായ പാട്രിക് മോട്ട, ഡേവി കുനിന്, മുന്നേറ്റതാരം ഓട്ടേമേര് ബിസ്പോ, മാര്‍ക്കോസ് വൈല്‍ഡര്‍, പ്രതിരോധതാരം റനൻ ജനുവാരിയോ, ഗോളി മൈക്കേല്‍ അമേരികോ എന്നിവർ കൊമ്പന്‍സിന് കരുത്തുപകരും. മുന്‍ ഇന്ത്യന്‍താരവും ചെന്നൈയിന് എഫ്.സി ബി ടീമിന്റെ മുഖ്യപരിശീലകനുമായ കാളി അലാവുദ്ദീനാണ് അസിസ്റ്റന്റ് കോച്ച്. ഇന്ത്യക്കുവേണ്ടി ലോകകപ്പ് യോഗ്യതാമത്സരം കളിച്ചിട്ടുള്ള ദേശീയ അണ്ടര്‍ 20 ടീമിന്റെ പരിശീലകനായിരുന്ന ബാലാജി നരസിംഹനാണ് ഗോള്‍ കീപ്പിങ് കോച്ച്.
തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുടെ നായകനെയും മുഖ്യസ്പോൺസറെയും തിങ്കളാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച പാളയത്തുള്ള വിവാന്ത ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി നായകനെ പ്രഖ്യാപിക്കും. വിദേശതാരത്തെ നായകനാക്കാനാണ് ടീം മാനേജ്മെന്റിന് താൽപര്യം. അങ്ങനെയെങ്കിൽ ബ്രസീലിയൻ മധ്യനിരതാരവും 32 കാരനുമായ പാട്രിക് മോട്ട ക്യാപ്റ്റനാകും.
ഒരുകാലത്ത് ഫുട്ബാളിന്റെ മേൽവിലാസമായിരുന്ന തലസ്ഥാനത്തിന്റെ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് തിരുവനന്തപുരം കൊമ്പൻസ്. ടൈറ്റാനിയം, എസ്.ബി.ടി അടക്കം ഒരുകാലത്ത് പേരെടുത്ത ടീമുകളിൽ പലതും ഇല്ലാതായിക്കഴിഞ്ഞു. ജി.വി. രാജ കപ്പ്, മേയേഴ്സ് കപ്പ് പോലെ തിരുവനന്തപുരത്തിന്റെ അഭിമാന ഫുട്ബാൾ ടൂർണമെന്റുകളും മിഴിയടച്ചിട്ട് കാലമേറെയായി. ഇവിടെനിന്നൊരു ഉയിർത്തെഴുന്നേൽപ്പാണ് കൊമ്പൻസിലൂടെ ടീം ഉടമകൾ ആഗ്രഹിക്കുന്നത്.
സെപ്റ്റംബർ 16ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് കൊമ്പന്മാരുടെ ആദ്യ ഹോം മത്സരം. രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയാണ് എതിരാളികൾ. സെപ്റ്റംബർ 21ന് കണ്ണൂരിനെയും ഒക്ടോബർ രണ്ടിന് മലപ്പുറത്തെയും ഒക്ടോബർ ആറിന് കാലിക്കറ്റിനെയും ഒക്ടോബർ 25ന് കൊച്ചിയെയും നേരിടും.
ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒരുക്കമെല്ലാം പൂർത്തിയായി. ദൃശ്യവിരുന്നൊരുക്കാൻ സ്റ്റേഡിയത്തിൽ പുതിയ എൽ.ഇ.ഡി ഫ്ലഡ് ലൈറ്റുകളാണ് സ്ഥാപിച്ചത്. മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.