തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി സർജറി വിഭാഗത്തിൽ നിന്ന് ഡോക്ടറുടെ നെയിം സീൽ മോഷ്ടിച്ചതുപയോഗിച്ച് വ്യാജ കുറിപ്പടി തയാറാക്കി മയക്കുമരുന്ന് ഇനത്തിൽപെട്ട മരുന്നുകൾ വാങ്ങിയ കേസിൽ പ്രതികൾ പിടിയിൽ. ഇരവിപുരം കൊടിയിൽ തെക്കതിൽ വീട്ടിൽ സനോജ് (37), കൊട്ടിയം പറക്കുളം വലിയവിള വടക്കതിൽ വീട്ടിൽ സെയ്യ്ദാലി (26) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളജ് ആശുപത്രി സർജറി വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ റസിഡന്റായ ഡോക്ടറുടെ സീലാണ് മോഷണം പോയത്. സെയ്യ്ദാലിയാണ് സീൽ മോഷ്ടിച്ചത്. തുടർന്ന് ഡോക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വിവിധ പേരുകളിൽ ഒ.പി ടിക്കറ്റെടുത്തശേഷം മയക്കുമരുന്ന് ഇനത്തിൽപെട്ട മരുന്നുകൾ ഒ.പി ടിക്കറ്റിൽ എഴുതി കൊല്ലം ജില്ലയിലെ വിവിധ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് വാങ്ങുകയായിരുന്നു. ഇവ കൂടിയ വിലയ്ക്ക് വിൽപന നടത്തുകയും ചെയ്തു.
വിവിധ മെഡിക്കൽ സ്റ്റോറുകളിൽനിന്നും വലിയതോതിൽ മരുന്നുകൾ വാങ്ങുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തുടർച്ചയായി പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൊല്ലം ജില്ലയിലെ ഒരു മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്ന് വാങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽനിന്ന് മോഷണംപോയ സീലും ഒ.പി ടിക്കറ്റുകളും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.