ബജറ്റ് അവതരണത്തിന് ബി.ജെ.പിയുടെ 'ആപ്പ്'; പത്തിമടക്കി ഇടത് മുന്നണി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഇടത് ഭരണസമിതിയുടെ രണ്ടാം ബജറ്റ് അവതരണത്തിൽ ഇടംകോലിട്ട് ബി.ജെ.പി. ധനകാര്യ സ്ഥിരംസമിതിയിൽ ബജറ്റ് നിർദേശങ്ങൾ പാസാക്കാൻ ബി.ജെ.പി കൗൺസിലർമാർ വിമുഖത കാണിച്ചതാണ് ഭരണസമിതിയെ വെട്ടിലാക്കിയത്.

ധനകാര്യ സ്ഥിരംസമിതി പാസാകാതെ ബജറ്റ് ഡെപ്യൂട്ടി മേയർക്ക് അവതരിപ്പിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ കോർപറേഷൻ സെക്രട്ടറിക്ക് ബജറ്റ് അവതരിപ്പിക്കാമെങ്കിലും ഭാവിയിൽ സെക്രട്ടറി അവതരിപ്പിക്കുന്ന ബജറ്റ് ഭരണപ്രതിസന്ധിയുണ്ടാക്കാന്‍ സാധ്യതയുണ്ട്.

ഇതു മനസ്സിലാക്കിയതോടെ സി.പി.എമ്മും സി.പി.ഐയും ബി.ജെ.പിയുമായി ചർച്ചക്ക് തയാറാകുകയായിരുന്നു. മാരത്തൺ ചർച്ചകൾക്ക് ശേഷം ബി.ജെ.പി മുന്നോട്ടുവെച്ച 22 നിർദേശങ്ങളിൽ 20ഉം ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുത്താമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ബജറ്റ് പാസായി. ഇതോടെയാണ് ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന് ബജറ്റ് അവതരിപ്പിക്കാൻ അവസരം ഒരുങ്ങിയത്.

ഡെപ്യൂട്ടി മേയർ ചെയർമാനായ 13 അംഗ ധനകാര്യ സ്ഥിരംസമിതിയിൽ ഏഴ് അംഗങ്ങൾ ബി.ജെ.പിയുടേതാണ്. ധനകാര്യ സ്ഥിരംസമിതിയിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരമില്ലെന്നതിനാൽ മറ്റ് സ്റ്റാൻഡിങ് കമ്മിറ്റിയിലേതിനേക്കാൾ കൂടുതൽ പ്രതിപക്ഷ അംഗങ്ങളെ സി.പി.എം തന്നെയാണ് സമിതിയിൽ ഉൾപ്പെടുത്തുന്നത്. ആ നീക്കത്തിനാണ് ഇത്തവണ ബി.ജെ.പി തിരിച്ചടി നൽകിയത്. തിങ്കളാഴ്ച മേയറുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം കൂടി ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങൾ വഴങ്ങിയില്ല.

മരാമത്തുപണികൾ അനുവദിക്കുന്നതിലും തങ്ങളുടെ കൗൺസിലർമാർക്ക് ഓഫിസുകൾ അനുവദിക്കുന്നതിലും രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നെന്ന് ബി.ജെ.പി ആരോപിച്ചു. തങ്ങൾ സമർപ്പിക്കുന്ന നിർദേശങ്ങൾകൂടി ബജറ്റിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഒത്തുതീർപ്പിന് വഴങ്ങാമെന്ന് ബി.ജെ.പി ഭരണസമിതിയെ അറിയിച്ചു. ഇതോടെ നേരത്തെ തയാറാക്കിയ പല നിർദേശങ്ങളും ഒഴിവാക്കി പുതിയതുകൂടി ഉൾപ്പെടുത്താൻ മേയറും കൂട്ടരും തയാറാവുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ധനകാര്യ സ്ഥിരംസമിതി യോഗം കൂടിയപ്പോൾ മൂന്ന് ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. പങ്കെടുത്ത നാല് അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെങ്കിലും യു.ഡി.എഫ് അംഗത്തിന്‍റെ പിന്തുണ ഉറപ്പാക്കി ധനകാര്യ സ്ഥിരംസമിതിയിൽ ബജറ്റ് പാസാക്കിയെടുത്തു.

Tags:    
News Summary - to pass budget 20 proposals approved out of 22 put forward by the BJP in corporation Finance Standing Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.