തിരുവനന്തപുരം: ട്രിപ്ൾ ലോക്ഡൗണിെൻറ ആദ്യദിനത്തിൽ കർശന നിയന്ത്രണങ്ങളുമായി പൊലീസ്. ഇടറോഡുകളടക്കം ഈച്ചപോലും കടക്കാനാകാത്ത വിധം പൊലീസ് അടച്ചുപൂട്ടിയതോടെ രോഗികളുമായി എത്തിയ ആംബുലൻസുകൾ വലഞ്ഞു. തുടർന്ന് പൂർണമായും അടച്ച ബ്ലോക്കിങ് പോയൻറുകളിലൂടെ മെഡിക്കൽ എമർജൻസി ആംബുലൻസുകൾക്ക് കടന്നുപോകുന്നതിന് ക്രമീകരണം ഏർപ്പെടുത്തി.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയാണ് തിങ്കളാഴ്ച പ്രവർത്തിക്കാൻ അനുമതി നൽകിയത്. ചൊവ്വാഴ്ച ഇവ പ്രവർത്തിക്കില്ല. ഹോട്ടലുകളും റസ്റ്റാറൻറുകളിലും രാവിലെ ഏഴു മുതൽ വൈകീട്ട് 7.30 വരെ ഹോം ഡെലിവറിമാത്രമാണ് അനുവദിച്ചത്. തലസ്ഥാനത്ത് തിങ്കളാഴ്ച 524 കേസുകളാണ് ചാർജ് ചെയ്തത്.
49 പേരെ അറസ്റ്റ് ചെയ്തു. 131 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 281 പേരിൽ നിന്നും 1,40,500 രൂപ പിഴ ഈടാക്കി. റൂറൽ ജില്ല പൊലീസ് മേധാവി പി.കെ. മധുവിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 22ഓളം പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും 60 ഓളം വാഹനങ്ങൾ പിടിച്ചെടുക്കുകയും 1500ഓളം പേർക്ക് പിഴ ചുമത്തുകയും ചെയ്തു.
നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമായി എൻട്രി-എക്സിറ്റ് പോയൻറുകള്‍ ഏഴ് ആയി പുനഃക്രമീകരിച്ചു. കഴക്കൂട്ടം സ്റ്റേഷൻപരിധിയിലെ ചേങ്കോട്ടുകോണം, വെട്ടുറോഡ്, മണ്ണന്തലയിലെ മരുതൂർ, പേരൂർക്കട- വഴയില, പൂജപ്പുര-കുണ്ടമൺകടവ്, നേമം-പള്ളിച്ചൽ, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ചപ്പാത്ത് എന്നീ സ്ഥലങ്ങങ്ങളാണ് പോയൻറുകള്‍.
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി നാല് ഡി.സി.സികളും രണ്ടു സി.എഫ്.എല്‍.ടി.സിയും ഏറ്റെടുത്തതായി കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
നെടുമങ്ങാട് താലൂക്കില്‍ മൂന്നും തിരുവനന്തപുരം താലൂക്കില്‍ ഒരു ഡി.സി.സിയുമാണ് പുതുതായി ഏറ്റെടുത്തത്. ഇവിടെ 200 പേര്‍ക്കുള്ള കിടക്ക സൗകര്യമുണ്ടാകും. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളില്‍ ആരംഭിച്ച സി.എഫ്.എല്‍.ടി.സിയില്‍ 130 പേര്‍ക്കുള്ള കിടക്ക സൗകര്യമാണുള്ളത്. ഇവിടങ്ങളില്‍ ആവശ്യമുള്ള ജിവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും എത്രയും വേഗം സജ്ജമാക്കുമെന്ന് കലക്ടർ അറിയിച്ചു.
തിരുവനന്തപുരം: ഗുരുതരമല്ലാത്ത രോഗമുള്ളവർ കഴിവതും മെഡിക്കൽ സേവനങ്ങൾക്ക് അടുത്തുള്ള ആശുപത്രികൾ പ്രയോജനപ്പെടുത്തണമെന്നും സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. ആരോഗ്യപ്രവർത്തകർ നാലുചക്രവാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ തിരിച്ചറിയൽ കാർഡ് വലിയ പ്രിൻറ് എടുത്ത് ഗ്ലാസിൽ പതിപ്പിക്കുന്നത് നല്ലതാണ്.
ആരോഗ്യപ്രവർത്തകരും അവശ്യസേവന വിഭാഗത്തിലുള്ളവരും അവരുടെ തിരിച്ചറിയൽ കാർഡ് ഒറ്റനോട്ടത്തിൽ കാണത്തക്ക വിധം ധരിക്കണം. ശംഖുംമുഖം ജങ്ഷൻവഴി തിരുവനന്തപുരം ഡൊമസ്റ്റിക് എയർപ്പോട്ടിലേക്കുള്ള റോഡ് കടൽക്ഷോഭത്താൽ തകർന്നുകിടക്കുന്നതിനാൽ ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകേണ്ട യാത്രക്കാർ ഈഞ്ചയ്ക്കലിൽനിന്ന് തിരിഞ്ഞ് വള്ളക്കടവുവഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.