തിരുവനന്തപുരം: കാലവർഷത്തിന് മുമ്പേ എത്തിയ കനത്ത മഴയിൽ തലസ്ഥാന നഗരം മുങ്ങി. ബുധനാഴ്ച പകൽ പെയ്ത ശക്തമായ മഴയാണ് നഗരത്തിൽ വ്യാപക വെളളക്കെട്ടിനും നാശനഷ്ടങ്ങൾക്കും ഇടയാക്കിയത്. നഗരത്തിലെ മിക്ക പ്രദേശങ്ങളും മുങ്ങി ജനജീവിതം ദുഷ്കരമായി. തമ്പാനൂർ, കിഴക്കേക്കോട്ട ഉൾപ്പെടെ നഗരത്തിൽ ജനത്തിരക്കേറിയ മേഖലകളിൽ വലിയ വെളളക്കെട്ട് രൂപപ്പെട്ടത് കാൽനടയാത്രക്കാരെയടക്കം വലച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ മുതൽ കനത്ത മഴ ലഭിച്ചെങ്കിലും നഗരത്തിൽ ഉച്ചയോടെയാണ് മഴ കനത്തത്. വ്യാപാര കേന്ദ്രമായ ചാലയിലെ വെള്ളക്കെട്ട് വലിയ നാശനഷ്ടമുണ്ടാക്കി. നിരവധി കടകളിൽ വെള്ളംകയറി. സാധനങ്ങൾ വാങ്ങാനെത്തിയവരടക്കം വലഞ്ഞു.
തമ്പാനൂരിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും വന്നിറങ്ങിയ യാത്രക്കരെ വലച്ചു. ഇരുചക്രവാഹനങ്ങളടക്കം കുഴികളിൽപ്പെട്ടു. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരങ്ങളിലുള്ളവർ ആശങ്കയിലാണ്. ജലനിരപ്പ് ഉയർന്ന് അരുവിക്കര ഡാം ഷട്ടർ 200 സെന്റീമീറ്റർ ഉയർത്തി.
ദേശീയപാത ബൈപാസിലെ സർവീസ് റോഡുകളിൽ മിക്കവയിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടായി. മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ നിലവിൽ ഏട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 66 പേരാണുള്ളത്. തിരുവനന്തപുരം, വർക്കല, കാട്ടാക്കട താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതവും നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിൽ ഓരോ ക്യാമ്പും പ്രവർത്തിക്കുന്നു.
പാറ്റൂർ ഭഗവതിക്ഷേത്രത്തിന് പിറകുവശം തോട് കരകവിഞ്ഞു. പട്ടം തോടും കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. കണ്ണമ്മൂല ഭാഗത്തും വെള്ളക്കെട്ട് ജനങ്ങളെ ദുരിതത്തിലാക്കി. ഗൗരീശപട്ടം - കുഴിവയൽ മുറിഞ്ഞ പാലം തോട് കരകവിഞ്ഞ് റോഡിലേക്ക് കയറി. ഗൗരീശപട്ടം ബണ്ട് നിവാസികളെ കുന്നുകുഴി യു.പി സ്കൂളിലേക്ക് മാറ്റി.
നഗരത്തിൽ മഴക്കാലപൂർവ ശുചീകരണമല്ലാതിരുന്ന മേഖലകളിലാണ് മഴക്കെടുതി ഏറെ ബാധിച്ചത്. രാവിലെ മഞ്ഞ അലർട്ടായിരുന്നു ജില്ലയിൽ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഉച്ചയോടെ ഓറഞ്ച് അലർട്ടിലേക്ക് മാറി. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജില്ല ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കാനാണ് നിർദേശം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.