തിരുവനന്തപുരം: പുള്ളിമാനും കൃഷ്ണമൃഗങ്ങളും ക്ഷയംബാധിച്ച് ചത്ത സംഭവത്തെ തുടർന്ന് മൃഗശാലയിൽ പ്രതിരോധനടപടികൾ ആരംഭിച്ചു. സ്ഥലത്തിന്റെ അപര്യാപ്തതയും ക്രമാതീതമായ വംശവര്‍ധനവും മൂലമാണ് ക്ഷയരോഗം വര്‍ധിക്കാന്‍ കാരണമായതെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിന്റെ (സിയാദ്) റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് മൃഗശാലയിൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ മാനുകളെയും മ്ലാവുകളെയും കൃഷ്ണമൃഗങ്ങളെയും പ്രത്യേകം കേന്ദ്രങ്ങളിലേക്ക് മാറ്റി. ജീവനക്കാർക്കും സന്ദർശകർക്കും കർശന മാർഗനിർദേശങ്ങളും ഏപ്പെടുത്തി. ഇതിനിടെ ഒരു മാൻകൂടി വെള്ളിയാഴ്ച ചത്തു. സിയാദ് സംഘം സാമ്പിൾ ശേഖരിച്ചു.
മൃഗങ്ങളെ പരിപാലിക്കുന്ന കീപ്പർമാരെ ക്ഷയരോഗ പരിശോധനക്ക് വിധേയമാക്കാൻ നടപടി ആരംഭിച്ചു. ജീവനക്കാര്‍ക്ക് സുരക്ഷ കവചങ്ങളും സന്ദര്‍ശകര്‍ക്ക് മാസ്കും നിര്‍ബന്ധമാക്കി. അഴുക്കുചാലുകളുടെ നവീകരണം, ആഹാരത്തിനും വെള്ളത്തിനും കൂടുതല്‍ ഇടം സജീകരിക്കൽ, കൂടുകളില്‍ അണുനശീകരണം നടത്തൽ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
മൃഗശാലയിലെ ജീവനക്കാര്‍ക്ക് ബോധവത്കരണം ഉടൻ തുടങ്ങും. കേന്ദ്ര മൃഗശാല അതോറിറ്റി നിഷ്കര്‍ഷിച്ച പ്രകാരം ഒരു വെറ്ററിനറി ഡോക്ടറുടെ സേവനം കൂടി ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.