മംഗലപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടരലക്ഷം രൂപ കവർന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നരക്ക് കണിയാപുരത്തുള്ള എസ്.ബി.ഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽവെച്ചാണ് കവർച്ച. നിഫി ഫ്യൂവൽസ് പമ്പിലെ മാനേജർ ഷാ ആലം ഉച്ചവരെയുള്ള വരുമാനമായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്.ബി.ഐ ശാഖയിലടക്കാൻ പോകവെയാണ് സ്കൂട്ടറിലെത്തിയ രണ്ടുപേർ പണം തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
ബാങ്കിന് മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്നവർ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിയെടുക്കുകയായിരുന്നു. സ്റ്റാർട്ട് ചെയ്തുവെച്ചിരുന്ന സ്കൂട്ടറോടിച്ച് ഉടൻതന്നെ ഇരുവരും അമിതവേഗത്തിൽ രക്ഷപ്പെട്ടു.
ഷാ ആലം പിറകെ ഓടിയെങ്കിലും പിടികൂടാനായില്ല. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഉടൻതന്നെ മംഗലപുരം പൊലീസിലറിയിച്ചു. പൊലീസെത്തി സമീപത്തെ പമ്പിലെയും സമീപപ്രദേശങ്ങളിലെയും സി.സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് മോഷ്ടാക്കൾ പോത്തൻകോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ സ്കൂട്ടർ പോത്തൻകോടിന് സമീപം പൂലന്തറയിൽനിന്ന് കണ്ടെടുത്തു.
നഗരൂർ സ്വദേശി ശ്രീജിത്തിന്റെ പേരിലുള്ള സ്കൂട്ടറാണ് മോഷണം നടത്താനുപയോഗിച്ചത്. ഈ സ്കൂട്ടർ മൂന്ന് ദിവസം മുമ്പ് നഗരൂരിൽനിന്ന് മോഷണം പോയ വാഹനമാണെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി പണമടക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. മോഷ്ടാക്കൾക്കായി മംഗലപുരം പൊലീസും പോത്തൻകോട് പൊലീസും അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.