വലിയതുറ: നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ വലിയതുറ പൊലീസ് പിടികൂടി. ഓൾസെയിന്റ്സ് ഈന്തിവിളകം സ്വദേശി റോയി (24), കണ്ണാന്തറ സ്വദേശി ആകാശ് (30) എന്നിവരാണ് പിടിയിലായത്. റോയിയെ വെട്ടുകാട് ഭാഗത്തുനിന്നും ആകാശിനെ കണ്ണാന്തുറ ഭാഗത്തുനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആകാശിന്റെ കൈവശത്തുനിന്ന് 6.2 ഗ്രാം എം.ഡി.എം.എയും റോയിയുടെ കൈയിൽനിന്ന് 2.2 ഗ്രാം എം.ഡി.എം.എയുമാണ് പൊലീസ് കണ്ടെടുത്തത്. തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂരിൽ എത്തിയശേഷം നൈജീരിയൻ സ്വദേശിയിൽ നിന്നാണ് എം.ഡി.എം.എയുമായി ആകാശ് തിരികെ ബസിൽ സ്ഥിരമായി എത്തിയിരുന്നതെന്ന് വലിയതുറ പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് ലഹരി മരുന്ന് കൊണ്ടുവന്നശേഷം ചില്ലറക്ക് വിൽക്കുകയാണ് ഇയാളുടെ രീതി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ ആകാശ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ലഹരിമരുന്ന് വിൽക്കുന്നതായി അറിയാൻ സാധിക്കുകയും തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എസ്.ഐ അജേഷിന്റെ നേതൃത്വത്തിൽ പൊലീസുകാരായ റോജിൻ, അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.