പോത്തൻകോട്: പോത്തൻകോട് മീനാറയിൽ യുവാവിനെ ആയുധങ്ങളുമായി വീട്ടിൽകയറി ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വെള്ളാഞ്ചിറ സ്വദേശി സജാദ് (44), മൂന്നാനക്കുഴി സ്വദേശി രഞ്ജിത്ത് (33) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവദിവസം അർദ്ധരാത്രിതന്നെ ഇവരെ പിടികൂടി.
പോത്തൻകോട് മീനാറയിൽ പുത്തൻവീട്ടിൽ ഷഹനാസിനാണ് ബുധനാഴ്ച വൈകീട്ട് നാലോടെ അഞ്ചംഗ സംഘത്തിന്റെ മർദ്ദനമേറ്റത്. പ്രതി സജാദ് വെഞ്ഞാറമൂട് ഇരട്ടക്കൊല കേസ് പ്രതിയുടെ സഹോദരനാണ്. ഷഹനാസിനെ ആക്രമിക്കാൻ വിദേശത്തുള്ള കൊല്ലം സ്വദേശി അൻവറാണ് ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ പൊലീസിന് മൊഴിനൽകി.
സജാദിനാണ് ക്വട്ടേഷൻ നൽകിയത്. എന്തിനാണ് ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ വെളിപ്പെടുത്തിയില്ല. അതുകൊണ്ടുതന്നെ പൊലീസ് ഇക്കാര്യം വിശ്വസത്തിലെടുത്തിട്ടില്ല.
രണ്ട് ബൈക്കുകളിലെത്തിയ അഞ്ച് പേരടങ്ങുന്ന സംഘമാണ് യുവാവിനെ വീടിനുമുന്നിലിട്ട് ആക്രമിച്ചത്. ആക്രമണത്തിൽ ഷഹനാസിന്റെ കാലിന് ഗുരുതര പരിക്കേറ്റു. പ്രവാസിയായ ഷഹനാസ് മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ആക്രമണത്തിന് തലേദിവസം രാത്രി 11ന് ഇതേസംഘം ഷഹനാസിനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. അപ്പോൾ ഷഹനാസിന്റെ മാതാപിതാക്കൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
വീസ സംബന്ധമായ കാര്യം സംസാരിക്കണമെന്നാണ് ഇവർ പറഞ്ഞത്. ബുധനാഴ്ച ഉച്ചയോടെ അക്രമികൾ സ്ഥലത്തെത്തിയതായി പ്രദേശവാസികൾ പറഞ്ഞു. പുറത്തുപോയ ഷഹനാസ് തിരികെ വീട്ടിലെത്തിയതും അക്രമികൾ ഓടി എത്തി കമ്പിപാര എടുത്ത് അടിതുടങ്ങിയത്. തടയാൻ ശ്രമിച്ച മാതാവ് ഷഹബാനത്തിനെ തള്ളിമാറ്റിയായിരുന്നു ആക്രമണം.
ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ മൂന്ന് പ്രതികളെകൂടി പിടികൂടാനുണ്ട്. പ്രതികൾക്കെതിരെ വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കുമെന്ന് പോത്തൻകോട് ഇൻസ്പെക്ടർ മിഥുൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.