വിതുര: ആദിവാസി വിദ്യാർഥിയുടെ മുങ്ങിമരണത്തിനിടയാക്കിയ കുളത്തിന്റെ അശാസ്ത്രീയ നിർമാണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി മഹാസഭ വിവിധ വകുപ്പുകള്‍ക്ക് പരാതി നല്കി. തൊളിക്കോട് പഞ്ചായത്തില്‍ മലയടി വാര്‍ഡില്‍ മലയടി നിരപ്പിൽ വീട്ടില്‍ നിസയുടെ മകന് അക്ഷയ് (14) ആണ് പഞ്ചായത്ത് നിർമിച്ച കുളത്തില്‍ മുങ്ങിമരിച്ചത്.
2022ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.3 ലക്ഷം രൂപ ചെലവിട്ടാണ് കുളം നിർമിച്ചത്. കുന്നിന്‍ചരുവില്‍ 12 അടിയിലേറെ താഴ്ചയിലും അഞ്ച് അടിയോളം വീതിയിലുമാണ് കുളം നിർമിച്ചത്. കുറച്ചുഭാഗം കാട്ടുകല്ലുകൊണ്ട് കെട്ടിയിട്ടുണ്ട്. ഈ അടുക്കുകള്‍ ഇടിഞ്ഞുതുടങ്ങി. ചവിട്ടുപടികള്‍ മഴയത്ത് തകര്‍ന്നു. പെട്ടെന്ന് അപകടം സംഭവിക്കാവുന്നവിധത്തിലാണ് കുളത്തിന്റെ അവസ്ഥ. രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയിലാണ് അക്ഷയ് കാല്‍വഴുതി കുളത്തില്‍ വീണത്. സംരക്ഷണവേലിയോ ആള്‍മറയോ നിർമിച്ചിരുന്നെങ്കില് കുരുന്നു ജീവന് പൊലിയില്ലായിരുന്നു. ആദിവാസി മേഖലകളില്‍ സര്‍ക്കാറിന്റെ നിർമിതികള്‍ക്ക് ഊരുകൂട്ടത്തിന്റെ അംഗീകാരം വേണമെന്നിരിക്കെ ഇവിടെ അതും ഉണ്ടായിട്ടില്ല. അക്ഷയുടെ കുടുംബത്തിന് അടിയന്തരസഹായം നല്‍കണമെന്ന് ആദിവസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി, ജനറൽ സെക്രട്ടറി കെ. ശശികുമാര്‍ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.