തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സർക്കാർ വിതരണകേന്ദ്രങ്ങളിൽ വാക്സിൻ ക്ഷാമം. ഞായറാഴ്ചയോടെ കോവിഷീൽഡും കോവാക്സിനും പൂർണമായും തീർന്നു.
ഇതോടെ, സർക്കാർ വിതരണകേന്ദ്രങ്ങളൊന്നും തിങ്കളാഴ്ച പ്രവർത്തിക്കാനിടയില്ല. 29,920 ഡോസ് കോവിഷീൽഡ് ഡോസുകളാണ് ജില്ലയിൽ സ്റ്റോക്കുണ്ടായിരുന്നത്. പാഴായാൽ പകരം ഉപയോഗിക്കാൻ അധികമായി സൂക്ഷിക്കുന്ന ഡോസുകൾ കൂടി ചേർത്ത് 38,808 പേർക്കാണ് വെള്ളി, ശനി ദിവസങ്ങളിയായി കുത്തിവെപ്പ് നൽകിയത്. കോവാക്സിൻ 45,000 ഡോസുകൾ കൈവശമുണ്ടായിരുന്നു. അധിക ഡോസുകളടക്കം 6000 പേർക്ക് കോവാക്സിനും നൽകിയതോടെ അതും തീർന്നു.
കേന്ദ്രത്തിൽനിന്ന് ഇനി വാക്സിനെത്തിയാൽ മാത്രമേ വിതരണകേന്ദ്രങ്ങൾ തുറക്കാനാകൂ എന്ന സ്ഥിതിയാണിപ്പോൾ. 10 സർക്കാർ കേന്ദ്രങ്ങളും 14 സ്വകാര്യ കേന്ദ്രങ്ങളുമടക്കം 24 ഇടങ്ങളിലാണ് ഞായറാഴ്ച വാക്സിൻ വിതരണം നടന്നത്. അതേ സമയം സ്വകാര്യകേന്ദ്രങ്ങളിൽ തിങ്കളാഴ്ചയും വാക്സിൻ വിതരണം നടക്കും. ഇവിടങ്ങളിലുള്ള ബുക്കിങ്ങും അവസാനിച്ചുകഴിഞ്ഞു. സമീപ ദിവസങ്ങളിെലല്ലാം കോവിൻ പോർട്ടൽ വഴി മുൻകൂട്ടിയുള്ള രജിസ്ട്രേഷനെക്കാൾ നേരിെട്ടത്തുന്നവർക്കുള്ള സ്പോട്ട് രജിസ്ട്രേഷനാണ് പ്രാമുഖ്യം നൽകിയിരുന്നത്. നേരിട്ട് ബുക്ക് ചെയ്യാൻ കഴിയാത്തവർക്കുള്ള സൗകര്യമെന്ന നിലയിലായിരുന്നു ഇൗ ക്രമീകരണം.
എന്നാൽ, പുതിയ ക്രമീകരണത്തോടെ കോവിൻ പോർട്ടൽ വഴി ശ്രമിക്കുന്ന അർഹതപ്പെട്ടവർക്ക് വാക്സിൻ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. ഏത് സമയത്ത് കോവിനിൽ കയറിയാലും സ്ലോട്ട് ലഭ്യമല്ലെന്ന സന്ദേശമാണ് കാണാനാകുന്നത്. ചുരുക്കം ചില കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇവിടങ്ങളിലാകെട്ട, ബുക്കിങ് പൂർത്തിയായിക്കഴിഞ്ഞെന്നത് സൂചിപ്പിക്കാൻ ചുവന്ന നിറവും. രണ്ടാം ഡോസുകാർക്കുള്ള വാക്സിൻ വിതരണത്തിൽ മുൻഗണന നൽകിയിരുന്നെങ്കിലും അതെല്ലാം ഒഴിവാക്കിയിരിക്കുകയാണിപ്പോൾ. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ ഒഴിവുകൾ അറിയിക്കുന്ന മുറയ്ക്ക് വിതരണ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാനുള്ള ക്രമീകരണമാണ് പലയിടങ്ങളിലും അവസാനിപ്പിച്ചത്. ഇതോടെയാണ് രണ്ടാം ഡോസുകാരും പ്രതിസന്ധിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.