തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരതിന് വഴിയൊരുക്കാനും വേഗയാത്രക്കും എക്സ്പ്രസ് ട്രെയിനുകൾ വ്യാപകമായി വഴിയിൽ പിടിച്ചിടുന്നു. വന്ദേ ഭാരതിന് മികച്ച സ്വീകരണം ലഭിക്കുമ്പോഴും എക്സ്പ്രസ് ട്രെയിനുകൾ 20 മുതൽ 40 മിനിറ്റ് വരെ വഴിയിൽ കുടുങ്ങുകയാണ്. തിരുവനന്തപുരത്തുനിന്നുള്ള വന്ദേഭാരതിന്റെ മടക്കയാത്ര തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള കണ്ണൂർ ജനശതാബ്ദി, കോട്ടയം പാസഞ്ചർ, ചെന്നൈ േമയിൽ കൊച്ചുവേളിയിൽനിന്നുള്ള ശ്രീഗംഗാനഗർ എക്സ്പ്രസ്, കൊല്ലത്തുനിന്നുള്ള അനന്തപുരി എക്സ്പ്രസ്, ഗുരുദേവ് സൂപ്പർഫാസ്റ്റ്, കന്യാകുമാരി-ബംഗളൂരു ഐലൻഡ് എന്നിവയുടെ സർവിസിനെ ബാധിച്ചിട്ടുണ്ട്.
സ്ഥിരംയാത്രക്കാർ ആശ്രയിക്കുന്ന സർവിസുകളെ ബാധിക്കാതെ വന്ദേ ഭാരത് ഷെഡ്യൂൾ ചെയ്യാൻ ഒരു ശ്രമവും നടന്നിട്ടില്ല. എറണാകുളം ജങ്ഷനിൽനിന്ന് വൈകീട്ട് 6.05നു പുറപ്പെടുന്ന കായംകുളം എക്സ്പ്രസ് വന്ദേ ഭാരതിന്റെ ക്രോസിങ്ങിനായി 40 മിനിറ്റാണ് ദിവസവും കുമ്പളത്ത് പിടിച്ചിടുന്നത്. വന്ദേ ഭാരത് വൈകിയാലും പാസഞ്ചറിനെ കുമ്പളത്തുതന്നെ പിടിച്ചിടുന്നതാണ് ദുരിതമേറ്റുന്നത്.
ആലപ്പുഴയിൽനിന്ന് എറണാകുളം ജില്ലയിലേക്ക് ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരുടെ ഏക ആശ്രയമാണ് എറണാകുളം-കായംകുളം പാസഞ്ചർ. 40 മിനിറ്റിലേറെ കുമ്പളത്ത് വൈകുന്നതോടെ മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ വൈകിയെത്തുന്ന ട്രെയിനിലെ സ്ത്രീകൾക്ക് പ്രാദേശിക ബസ് സർവിസുകൾ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ദിവസവേതനത്തിൽ ജോലിചെയ്യുന്ന പലരും ജോലി ഉപേക്ഷിക്കാൻ പോലും നിർബന്ധിതരാവുന്ന സ്ഥിതിയുമുണ്ട്.
വന്ദേഭാരത് വന്നതുമൂലം പുലർച്ച വളരെ നേരത്തേ ട്രെയിനുകളിൽ കയറിക്കൂടേണ്ട അവസ്ഥയാണ്. ശേഷം 20 മുതൽ 40 മിനിറ്റ് വരെ വന്ദേ ഭാരതിനുവേണ്ടി മറ്റ് സ്റ്റേഷനുകളിൽ കാത്തുകിടക്കാനാണ് വിധി. കൂടുതൽ പണം നൽകുന്നവർക്ക് മാത്രമേ റെയിൽവേ പരിഗണന നൽകുന്നുള്ളൂവെന്നതാണ് സ്ഥിതി. കൂടിയ ദൂരം കുറഞ്ഞ സമയത്ത് ഓടിയെത്തുന്ന വന്ദേ ഭാരതിനുവേണ്ടി കുറഞ്ഞ ദൂരം കൂടുതൽ സമയമെടുത്ത് ഓടിത്തീർക്കുകയാണ് എക്സ്പ്രസ് ട്രെയിനുകളെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.