വെള്ളറട: പശ്ചിമഘട്ട മഴക്കാടുകളിലെ വൃക്ഷങ്ങളില്മാത്രം കാണുന്ന പറക്കും തവള കുന്നത്തുകാലിലെത്തി. കുറ്റിക്കാട്ടുകോണം ഷാന്‍ വര്‍ഗീസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ പറക്കും തവളയെ കണ്ടത്. അബദ്ധത്തിൽ വീടിനകത്ത് എത്തിയ തവള മുറിയിലാണ് ഉള്ളത്. ചെറിയ പ്രാണികളെ ഭക്ഷിക്കുന്നുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമിയിച്ചിട്ടുണ്ട്. ഇവരെത്തിയാൽ തിരിച്ച് കാട്ടിലേക്ക് വിടാനായി മുറിയിൽതന്നെ അടച്ചിട്ടിരിക്കുകയാണ്.
ഇളിത്തേമ്പന്‍ തവള, പച്ചിലപ്പാറാന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പച്ചത്തവളയാണിത്. മഴക്കാടുകളിലെ വലിയമരങ്ങളില്‍ കഴിയുന്ന ഇവയ്ക്ക് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവുണ്ട്. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേര്‍ത്ത സ്തരവും (പാട) വിരലുകള്‍ക്കിടയിലെ ഓറഞ്ചുനിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാന്‍ സഹായിക്കുന്നത്.
പറക്കുമ്പോള്‍ ശരീരത്തിലെ പാട കാറ്റുപിടിക്കത്തക്കവിധം വിടര്‍ത്തുകയും കൈകാലുകള്‍ വലിച്ചുനീട്ടി ശരീരം പരത്തുകയും ചെയ്യും. പറക്കുന്നതിനിടെ വേഗം കുറയ്ക്കാനും കൂട്ടാനും വെട്ടിത്തിരിയാനുമെല്ലാം ഇവയ്ക്കു കഴിയും. ഒറ്റച്ചാട്ടത്തില്‍ പതിനഞ്ചുമീറ്റര്‍വരെ സഞ്ചരിക്കും. പകല്‍സമയം ഉറങ്ങുകയും രാത്രിയില്‍ ഇര തേടുകയുമാണ് രീതി.
വലിയ കണ്ണുകളുള്ള ഇവ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കാനും വിരുതന്മാരാണ്. വംശനാശഭീഷണി നേരിടുന്ന ഇവ റെഡ്ബുക്കില്‍ സ്ഥാനം പിടിച്ചവയാണ്. റോക്കോഫോറസ് മലബാറിക്കസ് എന്ന ശാസ്ത്രനാമമുള്ള മലബാര്‍ ഗ്ലൈഡിങ് ഫ്രോഗ് എന്ന മരത്തവളയെ വനമേഖലയിലും കുന്നിന്‍പ്രദേശങ്ങളിലും കാണാം. കേരളത്തിന്റെ വനമേഖലയിൽ ഇവയെ കാണാം. വനനശീകരണം ഇവയുടെ നിലനില്പിനെ ബാധിക്കുമെന്നാണ് ശാസ്ത്രീയ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.