വെള്ളറട: കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ഓഫിസർ പ്രസാദിനെ ക്വാർട്ടേഴ്സില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാലംഗ സംഘത്തെ വെള്ളറട പൊലീസ് കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ആനാവൂര്‍ പടപ്പിന്തോട്ടം കിഴക്കന്‍കര വീട്ടില്‍ സജിന്‍ (25), കീഴാറൂര്‍ കൊല്ലംകാല ശ്യാം നിവാസില്‍ ശ്യാംലാല്‍ (28), കീഴാറൂര്‍ മരുതങ്കോട് മേക്കേക്കര വീട്ടില്‍ ലാല്‍പ്രസാദ് (28), കീഴാറൂര്‍ കുക്കുറുണി റോഡരികത്ത് വീട്ടില്‍ രഞ്ജിത്ത് (30) എന്നിവരെയാണ് കാരക്കോണം മെഡിക്കല്‍ കോളജിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയത്.
ആക്രമികള്‍ സഞ്ചരിച്ച കാര്‍ കാരക്കോണം മെഡിക്കല്‍ കോളജിലെ ഏതു കവാടം വഴിയാണ് ഉള്ളില്‍ പ്രവേശിപ്പിച്ചത്, ആക്രമണത്തിന് മുമ്പ് കാര്‍ എവിടെയാണ് പാര്‍ക്ക് ചെയ്തത്, ആക്രമണത്തിന് ഉപയോഗിച്ച കമ്പിവടി ഇവയൊക്കെ പൊലീസ് തെളിവെടുപ്പിലൂടെ കണ്ടെത്തി.
11ന് രാത്രി 8.40ന് നടന്ന ആക്രമണത്തില്‍ പ്രസാദിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. കേസ് അന്വേഷണത്തിലിരിക്കെ ആക്രമികള്‍ ഒളിവില്‍ പോവുകയായിരുന്നു. കേസിലെ രണ്ടാംപ്രതി ശ്യാംലാല്‍ മാരായമുട്ടം പൊലീസ് സ്റ്റേഷന് പരിധിയില്‍ രഞ്ജിത്ത് എന്നയാളെ ടിപ്പറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ ആളാണ്. മൂന്നും നാലും പ്രതികള്‍ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ നിരവധി കേസിലെ പ്രതികളാണ്. ഒന്നാംപ്രതി സജിന്റെ അനുജനെ സെക്യൂരിറ്റി ഓഫിസര്‍ പ്രസാദ് പരിഹസിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. പ്രതികളെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.