വെള്ളറട: കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കാവലിലായിരുന്ന പ്രതി രക്ഷപ്പെട്ടു; 24 മണിക്കൂറിനുള്ളില്‍ പിടിയിലായി. പുല്ലേന്തേരി സ്വദേശിയും കാരക്കോണം എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റുമായ സുദേവനെ വീടുകയറി ആക്രമിച്ച കേസിലെ രണ്ടാം പ്രതി പുല്ലന്തേരി പണ്ടാരത്തറയില് അച്ചൂസ് എന്ന ബിനോയി (21) ആണ് കാരക്കോണം മെഡിക്കല്‍ കോളജില്‍നിന്ന് ബുധനാഴ്ച രാത്രി മുങ്ങിയത്.
ദിവസങ്ങള്‍ക്കുമുമ്പാണ് സുദേവനെ ആക്രമിച്ച സംഭവമായി ബന്ധപ്പെട്ട ഒന്നാംപ്രതിയെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തത്. സുദേവനെ ആക്രമിക്കുന്നതിനിടെ ബിനോയിയുടെ കൈക്ക് പരിക്കേറ്റിരിരുന്നു.
തുടർന്ന് കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആശുപത്രി അധികൃതര്‍ വെള്ളറട പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ബിനോയിക്ക് നിരീക്ഷണം ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്ജായയുടൻ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതില്‍ ഹാജരാക്കി റിമാൻഡ് ചെയ്യാനായിരുന്നു തീരുമാനം.
സംഭവം മനസ്സിലാക്കിയ പ്രതി കഴിഞ്ഞദിവസം രാത്രി മെഡിക്കല്‍ കോളജില്‍ നിന്ന് രാത്രി ബാത്ത്റൂമില്‍ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. കുളത്തൂര്‍ ജെ.ആര് ഭവനില്‍ രന്‍ജിത്തിന്റെ(25) വീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്ന പ്രതിയെ വീട് വളഞ്ഞാണ് പിടികൂടിയത്.
രാത്രി നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അമ്മിണിക്കുട്ടന്, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബാബുകുറുപ്പ്, സിവിൽ പൊലീസുകാരായ പ്രതീപ്, ദീബു, സജിന്‍, ഷൈനു, പ്രജീഷ്, ഷാജന്, അനൂബ്, പ്രഭുലചന്ദ്രന്, രാജ്മോഹന്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.