വെള്ളറട: മോഷ്ടാക്കളുടെ താവളമായി കേരള-തമിഴ്നാട് അതിര്‍ത്തിയിലെ മണിവിളയും പരിസരപ്രദേശവും. തോട്ടങ്ങളില്‍നിന്ന് പൈനാപ്പിളും സ്വകാര്യ പുരയിടങ്ങളിലെ നാളികേരം, കരിക്ക് എന്നിവയും പുറമെ ഇരുചക്രവാഹനങ്ങളും മോഷ്ടിച്ച് വില്പന നടത്തുന്ന സംഘമാണ് അതിര്‍ത്തിയില്‍ സജീവമായിരിക്കുന്നത്. കുന്നത്തുകാലിന് സമീപം മണിവിള ശിവജി എൻജിനീയറിങ് കോളജ് കാമ്പസിനുള്ളില്‍ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കിയ മുക്കൂട്ടുകല് സ്വദേശി സഹായത്തിന്റെ പൈനാപ്പിള്‍ തോട്ടത്തില്‍ നിന്ന് ദിവസങ്ങളായി പൈനാപ്പിള്‍ മോഷണം നടന്നുവരുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ ഒരു ബൈക്കിന്റെ പിന്നിലിരുന്നെത്തിയ മധ്യവയസ്കന് അതിര്‍ത്തി കടന്നെത്തി പൈനാപ്പിള്‍ മോഷ്ടിക്കുന്നത് ഉടമ മൊബൈലില്‍ പകര്‍ത്തിയതിനെ തുടർന്ന് മോഷ്ടാവ് ഓടിമറഞ്ഞു.
സഹായം തമിഴ്നാട് അതിര്‍ത്തിയിലെ പളുകല്‍ പൊലീസില്‍ നല്കിയ പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവ് കോളജിന്റെ തൊട്ടടുത്ത താമസക്കാരനാണെന്ന് കണ്ടെത്തിയതായും ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുള്ളതായും പൊലീസ് പറഞ്ഞു. പ്രദേശത്ത് നാളികേരവും കരിക്കും വാഴക്കുലയുമെല്ലാം മോഷണം നടക്കുന്നത് പതിവാണെന്നും മോഷ്ടാക്കള്‍ കൊണ്ടെത്തിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ചുളുവിലക്ക് വാങ്ങി ഉടന്‍തന്നെ പൊളിച്ചടുക്കി ആക്രി വിലക്ക് തൂക്കിവില്ക്കുന്ന സംഘം പ്രദേശത്ത് താവളമടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
അേതസമയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട്ടിലെത്തിയപ്പോള്‍ വീടിനുചുറ്റും രേഖകളില്ലാതെ ഒതുക്കിയിട്ടിരിക്കുന്നതും പൊളിച്ചതുമായ നിരവധി ഇരുചക്രവാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ദുരൂഹത ഉയര്‍ത്തുന്നതായും വാഹന ഉടമകളെ കണ്ടെത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നുമാണ് പൊലീസിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.