വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്തിലെ മണവാരി വാര്‍ഡിലെ നീലിപ്പാറയും നൂറ്റാണ്ടു പഴക്കമുള്ള വിട്ടിയറം കാവും ശാസ്താക്ഷേത്രവും സ്ഥിതിചെയ്യുന്ന വിട്ടിയറ മലയിൽ പാറഖനനത്തിനുള്ള നീക്കത്തിൽ പ്രതിഷേധം. പാറപൊട്ടിക്കാനുള്ള യന്ത്രസംവിധാനങ്ങൾ കഴിഞ്ഞ ദിവസം ഇവിടെ എത്തിച്ചു. ഇതിനെതുടർന്ന് വിഷയം ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കാൻ ഇന്ന് വൈകീട്ട് മൂന്നിന് രാഷ്ട്രീയ കക്ഷികളുടെയടക്കം പങ്കാളിത്തത്തിൽ വിട്ടിയറം ശാസ്താക്ഷേത്രം റോഡില്‍ ജനകീയ കൂട്ടായ്മ ചേരും.
ഇവിടെനിന്ന് പൊട്ടിക്കുന്ന പാറ വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടി ഉപയോഗിക്കുമെന്നാണ് പറയുന്നത്. എന്തുതന്നെയായാലും പാറപൊട്ടിക്കുന്ന സാഹചര്യമുണ്ടായാൽ വിട്ടിയറ കുന്നിന് ചരിവിന്റെ നാലുഭാഗത്തായി താമസമാക്കിവരുന്ന നൂറ്റി അമ്പതോളം കുടുംബങ്ങള്‍ വഴിയാധാരമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കോഴി വളര്‍ത്തല്‍ കേന്ദ്രം തുടങ്ങാനെന്ന വ്യാജേന റോഡരികിലുള്ള 13 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങിയവർ തുടര്‍ന്ന് അതിനു പിന്നിലുള്ള പത്തേക്കറോളം സ്ഥലം വിലയായും ലീസായും കൈവശപ്പെടുത്തി. വലിയതോതിൽ ക്രഷർ യൂനിറ്റ് പ്രവർത്തിപ്പിച്ച് പാറ പൊട്ടിക്കാനുള്ള വൻ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഇവിടെ സ്ഥലം വാങ്ങാനെത്തിയവരോട് തുടക്കത്തിലേ പ്രദേശവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിര്‍ധനരായ കുടുംബങ്ങളാണ് മലയുടെ താഴ്വാരങ്ങളില് താമസിക്കുന്നത്. തൊട്ടടുത്ത ശാസ്താംപാറയില്‍ കഴിഞ്ഞ മഴക്കാലത്ത് ഉരുള്‍പൊട്ടലിന് സമാനമായ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
കലക്ടറടക്കം ഇടപെട്ട് പ്രദേശവാസികളെ ഇവിടെനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു. കലക്ടർ ഇവിടം ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുകയും സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയില്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന ടാർ മിക്സിങ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു.
ശാസ്താംപാറയ്ക്ക് തൊട്ടടുത്തായി അതേ വലിപ്പവും ഉയരവുമുള്ള മറ്റൊരു മലയാണ് വിട്ടിയറ. ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്കിയാല് ഇവിടെ വലിയതോതിൽ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭീതിയും ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.