വെള്ളറട: വെള്ളറടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന് സ്ഥിരീകരണം. മരണവിവരം പുറത്തറിയുന്നത് നാലുദിവസത്തിനുശേഷമാണ്. അപകടദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍നിന്ന് ലഭ്യമായിരുന്നു. ഏഴിന് വീടിന് മുന്നില്‍െവച്ച് ബൈക്കിടിച്ചതിനെത്തുടര്‍ന്ന് യഥാസമയം ചികിത്സലഭിക്കാത്തതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാതെ വീട്ടിലുപേക്ഷിച്ചശേഷം ബൈക്ക് യാത്രികര്‍ മുങ്ങുകയായിരുന്നു.
ഇവര്‍ക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാ ക്കി. ശേഖരൻ-നാഗമ്മ ദമ്പതിമാരുടെ മകനായ സുരേഷ് മണ്ണന്തല മുക്കോല സ്വദേശിയാണ്. ആശാരിപ്പണിയും മറ്റ് നിര്‍മാണജോലികളും ചെയ്തുവന്നിരുന്ന സുരേഷ്, വര്‍ഷങ്ങളായി പരേതനായ പിതൃസഹോദരന്റെ ചൂണ്ടിക്കൽ വെള്ളറട റോഡരികിലെ വീട്ടിലാണ് താമസിക്കുന്നത്.
ഭാര്യയും മക്കളുമായി അകൽച്ചയിലായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ദൂരസ്ഥലത്തെ പണി കഴിഞ്ഞാണ് ഇവിടെയെത്തിയത്. നാലുദിവസമായി സുരേഷിനെ പുറത്തുകാണാനില്ലായിരുന്നു. ഒറ്റമുറിയുള്ള വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ സമീപത്തുള്ളവര്‍ വാര്‍ഡ് മെംബറെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് സമീപത്തെ കടയിലെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോഴാണ് ശനിയാഴ്ച രാത്രി 11ന് സുരേഷിനെ ബൈക്കിടിച്ചിടുന്ന ദൃശ്യങ്ങള്‍ കിട്ടിയത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ വെള്ളറടയില്‍നിന്ന് പനച്ചമൂട്ടിലേക്കുപോയ രണ്ടുയുവാക്കള്‍ സഞ്ചരിച്ച ബൈക്കാണ് സുരേഷിനെ ഇടിച്ചിട്ടത്. അപകടത്തില്‍ ബൈക്കിന്റെ പിന്നിലിരുന്നയാള്‍ റോഡില്‍ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് യുവാക്കള്‍ പരിക്കേറ്റ സുരേഷിനെ വീടിനകത്താക്കി കതകുചാരിയശേഷം മുങ്ങുകയായിരുന്നു.
തലക്കും കാലിനും ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റിരുന്നു. ബുധനാഴ്ച രാവിലെ 10 ഓടെ വെള്ളറട സി.ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: അനിത. മക്കള്‍: ആര്യ, അരുണ്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.