തിരുവനന്തപുരം: ഹൃദയം നുറുങ്ങുന്ന വേദനയിലും വിനോദിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭാര്യ സുജാതക്കും മക്കള്‍ക്കും സമ്മതമായിരുന്നു. കുടുംബനാഥനില്ലാത്ത വീട്ടിലേക്ക് തിരികെ മടങ്ങുമ്പോള്‍ ഏഴുപേര്‍ക്ക് ജീവിതമേകാന്‍ കഴിഞ്ഞല്ലോയെന്ന സംതൃപ്തിയായിരുന്നു അവര്‍ക്ക്. കഴിഞ്ഞ വ്യാഴാഴ്ച പന്ത്രണ്ടോടെ സ്വകാര്യബസിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ്. വിനോദിന് (54) തലക്ക് ഗുരുതര പരിക്കേറ്റത്.
തുടര്‍ന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദിന് ചൊവ്വാഴ്ച രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.
ഭാര്യ സുജാതക്കും മക്കളായ ഗീതുവിനും നീതുവിനും ആകസ്മിക വേര്‍പാട് ഒരിക്കലും ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. എങ്കിലും മൃതസഞ്ജീവനി നടത്തുന്ന അവയവദാന പദ്ധതി വഴി വിനോദിന്റെ അവയവങ്ങള്‍ മറ്റൊരാളുടെ ജീവിതത്തുടര്ച്ചയ്ക്ക് വഴികാട്ടിയാകുമെന്ന് അവര്‍ ആശ്വസിച്ചു. മെഡിക്കല്‍ കോളജ് ട്രാൻസ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ. അനില്‍ സത്യദാസിന്റെയും മൃതസഞ്ജീവനി നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെയും ഇടപെടല്‍ അവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു.
ഹൃദയവും കൈകളും ഉള്‍പ്പെടെ ഏഴുരോഗികള്ക്കാണ് വിനോദിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. ഹൃദയം ചെന്നൈ എം.ജി.എം ആശുപത്രിയിലും കൈകള്‍ എറണാകുളം അമൃതയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ചികിത്സയിലുള്ളവർക്ക് ഉപയോഗിക്കും. ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് മാറ്റിവെക്കുക.
മന്ത്രി വീണ ജോര്‍ജിന്റെ മേൽനോട്ടത്തിൽ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ. റംലാബീവി, ജോ. ഡി.എം.ഇ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി കണ്‍വീനര്‍ ഡോ. സാറവര്ഗീസ്, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീന്‍, മൃതസഞ്ജീവനി പ്രോജക്ട് മാനേജർ എസ്. ശരണ്യ, കോഓഡിനേറ്റർമാരായ പി.വി. അനീഷ്, എസ്.എൽ. വിനോദ് കുമാർ എന്നിവര്‍ അവയവദാനപ്രക്രിയ സുഗമമാക്കാന്‍ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.