വിഴിഞ്ഞം: തുറമുഖ പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും ഈ വർഷം ഉദ്ഘാടനം നടത്താൻ കഴിയുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവർത്തന പുരോഗതിയുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശത്ത് നടത്തിയ അവലോകന യോഗത്തിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് സബ്സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം മാർച്ചിൽ നിർവഹിക്കും. 3200 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ 1550 മീറ്റർ നിർമാണം പൂർത്തീകരിച്ചു. പ്രതിദിനം 10,000 ടൺ മുതൽ 13,000 ടൺ വരെ പാറക്കല്ലുകളാണ് ഇതിനായി കടലിൽ നിക്ഷേപിച്ചുവരുന്നത്. അത്രയും തന്നെ പാറക്കല്ലുകൾ സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തി. ഏഴ് ബാർജുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 11 എണ്ണമാണ് പാറക്കല്ലുകൾ നിക്ഷേപിക്കുന്നത്. പ്രകൃതി അനുകൂലമായാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ കപ്പൽ എത്തിക്കാൻ സാധിക്കും.
പാറകൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തമിഴ്നാട് സർക്കാറുമായി സംസാരിച്ച് പരിഹരിച്ചിട്ടുണ്ട്. ഹൈവേ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര മന്ത്രിയുമായി ബന്ധപ്പെട്ടു. റെയിൽവേയുമായുള്ള തർക്കത്തിന് പരിഹാരം കാണാൻ കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഓഫിസുമായി ചർച്ച നടത്തി. അവർ ആവശ്യപ്പെട്ട രീതിയിലുള്ള ഡി.പി.ആർ റെയിൽവേ അംഗീകരിച്ചിട്ടുണ്ട്.
പദ്ധതിപ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സർക്കാർ തയാറാണെന്നും അദാനി ഗ്രൂപ്പിന് തുറമുഖ നിർമാണ കാലാവധി 2024 വരെ നീട്ടിക്കൊടുത്തു എന്ന കേന്ദ്ര തുറമുഖ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന ട്രക്കുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്താനും പദ്ധതിയുടെ മറവിൽ അനധികൃത പാറ കടത്തൽ ശ്രമങ്ങൾ തടയാനുമായി വികസിപ്പിച്ച ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ഹോളോഗ്രാം പതിപ്പിച്ച ട്രക്കുകളുടെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവഹിച്ചു. ട്രക്കുകളിൽ പതിപ്പിച്ച ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പാറക്കല്ലുകൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും എത്ര ടൺ ആണ് ഉള്ളതെന്നും അറിയാൻ സാധിക്കും.
പണി പൂർത്തിയായ ഇലക്ട്രിക് സബ്സ്റ്റേഷനും തുറമുഖത്ത്നിന്ന് ദേശീയപാതയിലേക്ക് കയറുന്ന ലിങ്ക് റോഡ് കണക്റ്റിവിറ്റി ജങ്ഷനും മന്ത്രി സന്ദർശിച്ചു. അവലോകനയോഗത്തിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ രാജേഷ് ഝാ, കോർപറേറ്റ് അഫയേഴ്സ് തലവൻ സുശീൽ നായർ, വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ. ജയകുമാർ, േപ്രാജക്റ്റ് ഡയറക്ടർ എത്തിരാജൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.