വീട്ടിൽ വെള്ളം കയറിയതിനെതുടർന്ന് ടെക്നോപാർക് ഫേസ് ത്രീയുടെ വരാന്തയിൽ കഴിയുന്ന കുടുംബം

16 വർഷം മുമ്പ് നൽകിയ ഉറപ്പ് പാലിക്കാതെ ടെക്നോപാർക്ക്; വീടുകളിൽ വെള്ളം; ഉപരോധവുമായി അഞ്ച് കുടുംബങ്ങൾ

കഴക്കൂട്ടം: സർക്കാറും ടെക്നോപാർക്ക് അധികൃതരും നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതിനാൽ ടെക്നോപാർക്കിന് സമീപത്തെ അഞ്ചോളം കുടുംബങ്ങൾ തീരാദുരിതത്തിൽ. ചെറിയ ചാറ്റൽ മഴയിൽപോലും വീട്ടിലേക്കും പറമ്പിലേക്കും വെള്ളം കുത്തിയൊലിച്ച് എത്തുന്നതിനാൽ ജീവിതം വഴിമുട്ടിയിരിക്കുകയാണ് ഈ കുടുംബങ്ങൾക്ക്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സ്ഥിതി രൂക്ഷമായതോടെ പ്രതിഷേധ സൂചകമായി ടെക്നോപാർക്കിൽ കുടുംബസമേതം താമസമാക്കിയിരിക്കയാണ് ഇവർ.

ടെക്നോപാർക്ക് ഫേസ് ത്രീക്ക് സ്ഥലമേറ്റെടുത്തപ്പോൾ ഒഴിവാക്കപ്പെട്ട അഞ്ചു കുടുംബങ്ങളുടെ ദുരിതമാണ് അറുതിയില്ലാതെ നീളുന്നത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വീടുകളിൽ വെള്ളം കയറിയതോടെ പ്രാഥമിക കൃത്യത്തിനുപോലും കഴിയാതെ ദുരിതത്തിലാകുകയായിരുന്നു. ടെക്നോപാർക്ക് വികസനത്തെ തുടർന്ന് വീതി കുറഞ്ഞ് ഒഴുക്ക് നിലച്ച തെറ്റിയാറിൽ വെള്ളം കയറുമ്പോൾ മാറി താമസിച്ചിരുന്ന കുടുംബങ്ങൾക്ക് പകരം ഭൂമി നൽകാമെന്ന ഉറപ്പാണ് ഇതുവരെ പാലിക്കപ്പെടാത്തത്. ഒരു വർഷം തന്നെ പത്ത് തവണ വീടുവിട്ട് മാറേണ്ട അവസ്ഥയിലാണ് ഈ കുടുംബങ്ങൾ.

വെള്ളമിറങ്ങിയാലും കക്കൂസ് മാലിന്യവും ചളിയും കലർന്ന കിണറും വീടും വാസയോഗ്യമാക്കാൻ ആഴ്ചകളെടുക്കും. തീരാദുരിതം പതിവായതോടെ ജനിച്ചു വളർന്ന വീടും സ്ഥലവും ഉപേക്ഷിക്കാൻ തയാറായെങ്കിലും ആരും വാങ്ങാൻ മുന്നോട്ടുവന്നില്ല. പിന്നെ ടെക്നോപാർക്ക് ഏറ്റെടുക്കുകയേ നിവൃത്തിയുള്ളൂവെന്ന തിരിച്ചറിവിൽ അധികൃതരുമായി സംസാരിച്ചെങ്കിലും അവരും തയാറായില്ല.

കഴിഞ്ഞ വർഷം സ്ഥലം ടെക്നോപാർക് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബങ്ങളും നാട്ടുകാരും ഫേസ് ത്രീ ഉപരോധിച്ചിരുന്നു. തുടർന്ന് അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ പ്രശ്നപരിഹാര ചർച്ച നടത്തുകയും ഇവരുടെ സ്ഥലം ടെക്നോപാർക്ക് ഏറ്റെടുക്കുമെന്നും പകരം സ്ഥലം മറ്റൊരിടത്ത് നൽകാമെന്നും തീരുമാനമെടുത്തിരുന്നു. അഞ്ച് സെന്റോ അതിൽ കുറവോ ഭൂമിയുള്ളവർക്ക് അഞ്ച് സെന്റ് വീതവും അതിൽ കൂടുതലുള്ളവർക്ക് ഏറ്റെടുക്കുന്നതിന് തുല്യമായ സ്ഥലവും വീടുവെക്കാൻ അഞ്ച് ലക്ഷം രൂപയും അതുവരെ വാടകക്ക് താമസിക്കാൻ 50000 രൂപയും ടെക്നോപാർക് നൽകുമെന്നായിരുന്നു തീരുമാനം.

തീരുമാനമനുസരിച്ച് കരാറും തയാറാക്കിയിരുന്നു. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല. ഇതുസംബന്ധിച്ച ഫയലുകൾ ഇപ്പോഴും തീർപ്പാകാതെ കിടക്കുന്നു എന്നാണ് പാർക് അധികൃതരുടെ വിശദീകരണം. ടെക്നോപാർക് ഫേസ് ത്രീയിലേക്ക് കുടുംബങ്ങൾ താമസം മാറ്റിയതറിഞ്ഞ് ആറ്റിപ്ര വില്ലേജ് ഓഫിസർ സ്ഥലത്തെത്തി സമീപത്തെ സ്കൂളിൽ താൽക്കാലിക താമസസൗകര്യമൊരുക്കി മാറാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയിട്ടില്ല.

Tags:    
News Summary - Water in the house; Five Family in the protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.