ആറ്റിങ്ങല്‍: വേനൽ ആരംഭിച്ചതോടെ വാമനപുരം നദിയിലെ നീരൊഴുക്ക് കുറയുന്നു. ജല അതോറിറ്റിയുടെ ഒരു ഡസനിലേറെ പദ്ധതികള്‍ വാമനപുരം നദിയെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ആറ്റിങ്ങല്‍, വര്‍ക്കല, കിളിമാനൂര്‍, കഴക്കൂട്ടം, കഠിനംകുളം മേഖലകളിലെല്ലാം ശുദ്ധജലത്തിന് ആശ്രയിക്കുന്നത് വാമനപുരം നദിയെയാണ്. എന്നാൽ, വേനൽകാലത്തിന്റെ ആദ്യാരംഭത്തിൽ തന്നെ നദിയിലെ നീരൊഴുക്ക് നൂൽപോലെയായി.
വാമനപുരം നദിയില്‍ അയിലം മുതല്‍ ആറ്റിങ്ങല്‍ പൂവമ്പാറ വരെ ഭാഗത്തായാണ് പമ്പിങ് കിണറുകളുള്ളത്. നദിയില്‍ നിന്നും ശേഖരിക്കുന്ന ജലം വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച പ്ലാന്റുകളിലെത്തിച്ച് ശുദ്ധീകരിച്ച് സംഭരണികളിലേക്ക് മാറ്റും. തുടര്‍ന്നാണ് പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുന്നത്. നദിയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ജലവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം വരുംദിവസങ്ങളില്‍ ജലഅതോറിറ്റി പരിഗണിക്കും.
പമ്പിങ് കിണറുകളില്‍ നിന്നുള്ള ജലശേഖരണം നിലവില്‍ സുഗമമായി നടക്കുന്നുണ്ട്. എന്നാല്‍, നീരൊഴുക്ക് കുറഞ്ഞതിനാല്‍ പമ്പിങ് പൂര്‍ത്തിയാകുന്ന മുറക്ക് പമ്പിങ് കിണറുകളിൽ ജലനിരപ്പ് വലിയതോതിൽ താഴുകയാണ്.
നിലവിൽ താഴ്ന്നപ്രദേശങ്ങളിലും ജലദൗര്‍ലഭ്യം നേരിടുന്നുണ്ട്. നിയന്ത്രണാതീതമായി കുഴൽകിണറുകള്‍ വർധിച്ചതും ജലവിതാനം താഴുന്നതിനിടയാക്കി. തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി കുഴല്‍കിണര്‍ നിർമാണം ഗ്രാമീണമേഖലയില്‍ വ്യാപകമാണ്. കുഴല്‍കിണര്‍ നിര്‍മിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ വേനൽകാലത്ത് ജലക്ഷാമമുള്ള സ്ഥലങ്ങളിലെത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഒരു അനുമതിയും കൂടാതെ കുഴല്‍കിണറുകള്‍ നിർമിച്ചുനല്‍കും. ഇതോടെ ഈ മേഖലയിലെ എല്ലാ കിണറുകളും വറ്റും.
ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണം നഗരപ്രദേശത്ത് തടസ്സം കൂടാതെ നടക്കുന്നുണ്ട്. എന്നാല്‍, ഗ്രാമീണ മേഖലകളില്‍ ജലവിതരണം പല സ്ഥലങ്ങളിലും നാമമാത്രമാണ്. തീരദേശമേഖലകളിലടക്കം പൈപ്പ് ലൈനിലൂടെ പലദിവസവും കുടിവെള്ളം ലഭിക്കുന്നില്ല. വേനല്‍ചൂട് കടുത്തതോടെ ജലഉപഭോഗത്തിലുണ്ടായ വർധനവാണ് കാരണം.
ഉപഭോഗം കൂടിയതിനെ തുടര്‍ന്ന് ജല അതോറിറ്റിയുടെ എല്ലാ പമ്പിങ് കിണറുകളിലും ഉൽപാദനം വന്‍തോതില്‍ വർധിപ്പിച്ചിരുന്നു. എന്നിട്ടും ഉപഭോഗത്തിലുണ്ടായ വർധനവിനെ ഉൾക്കൊള്ളാനാകുന്നില്ല. വാമനപുരം നദിയിലെ നീരൊഴുക്കിലുണ്ടായ കുറവ് ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി പരിശോധിക്കുന്നുണ്ട്.
നേമം: നൂലുകനത്തിൽ വരുന്ന കുടിവെള്ളത്തിനായുള്ള നേമം ശാന്തിവിള നിവാസികളുടെ കാത്തിരിപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പക്ഷേ വേനൽകാലമാരംഭിച്ചതോടെ അതുപോലും കിട്ടാത്ത സ്ഥിതിയാണ്. നിലവിൽ ജപ്പാൻ കുടിവെള്ള പദ്ധതിയും മറ്റും ഈ പ്രദേശത്തുണ്ടെങ്കിലും കുടുംബങ്ങൾക്ക് തൊണ്ട നനക്കാൻപോലും ആവശ്യത്തിന് വെള്ളം കിട്ടാറില്ല.
ശാന്തിവിള ജങ്ഷനിലും മാർക്കറ്റിന്റെ പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ മാത്രമാണ് കുടിവെള്ളമെത്തുന്നതെന്ന് സാധു സംരക്ഷണ സമിതി സെക്രട്ടറി ശാന്തിവിള സുബൈർ പറയുന്നു.
കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി തവണ അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. രാത്രികാലങ്ങളിൽ മാത്രം നൂൽവണ്ണത്തിൽ എത്തുന്ന പൈപ്പിലെ വെള്ളം കാത്തിരിക്കുന്ന സ്ഥിരം കാഴ്ചയാണ് ഇവിടെ കാണുന്നത്. പബ്ലിക് ടാപ്പുകളിൽ വെള്ളമെത്തണമെങ്കിൽ നാട്ടുകാർക്ക് ഭാഗ്യം കൂടിവേണം.
വാൽവിലെ അടവാണ് കുടിവെള്ളം ലഭ്യമാകുന്നതിന് തടസ്സമായി നിൽക്കുന്നതെന്നാണ് വാട്ടർ അതോറിറ്റിയുടെ വാദം. എന്നാൽ, വാദം നിരത്തുന്നതല്ലാതെ പരിഹാരം കാണാൻ സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി. ശിവൻകുട്ടിക്കോ കൗൺസിലർക്കോ ഉദ്യോഗസ്ഥർക്കോ കഴിഞ്ഞിട്ടില്ലെന്നതും നാട്ടുകാർക്ക് തിരിച്ചടിയാണ്.
നിലവിൽ ശാന്തിവിള മാർക്കറ്റിന് സമീപം സ്ഥിതിചെയ്യുന്ന ജലസംഭരണി എപ്പോൾ വേണമെങ്കിലും മറിഞ്ഞുവീണ് അപകടം പറ്റാവുന്ന നിലയിലാണ്. ഇത് എത്രയുംവേഗം പൊളിച്ചുമാറ്റി പുതിയ ജലസംഭരണി പണിയുകയാണെങ്കിൽ ജലം ശേഖരിച്ച് ചെറിയൊരു പ്രദേശത്തെങ്കിലും വിതരണം ചെയ്യാൻ സാധിക്കും.
വെഞ്ഞാറമൂട്: പൊതുജലവിതരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങൾ താളം തെറ്റിയതോടെ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ ഫെബ്രുവരി പകുതിയോടെതന്നെ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. പുല്ലമ്പാറ പഞ്ചായത്തിലെ കോറുമലക്കുന്ന്, പുതുവല്‍, ചെമ്മണ്ണംകുന്ന്, വാലുപാറ, നെല്ലനാട് പഞ്ചായത്തിലെ കീഴായിക്കോണം, വെളുത്തപാറ, മേലക്കുറ്റിമൂട്, വാമനപുരം പഞ്ചായത്തിലെ മേലാറ്റുമൂഴി, തൂങ്ങയില്‍, ഇരുളൂര്‍, പൂവത്തൂര്‍, കല്ലറ, പാങ്ങോട്, മാണിക്കല്‍ പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
ഈ പ്രദേശങ്ങളിലെ കിണറുകൾപോലും വരണ്ടു. ജലശ്രീ മിഷന്റെ ഭാഗമായി ആയിരക്കണക്കിന് പുതിയ കണക്ഷനുകളും നൽകിയെങ്കിലും വിതരണം ചെയ്യാന്‍ വേണ്ടുന്ന വെള്ളമില്ല. ഇതോടെ ഓരോ മേഖലകളായി തിരിച്ച് ഒരാഴ്ചയില്‍ ഒരു ദിവസമെന്ന നിലയിലാണ് ഇപ്പോൾ കുടിവെള്ളം വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.