തിരുവനന്തപുരം: നൂറുകണക്കിന് രോഗികൾ ദിവസവുമെത്തുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെള്ളക്ഷാമം മൂലം ശസ്ത്രക്രിയകർ പലതും വൈകി. ഇരുപതോളം ശസ്ത്രക്രിയകൾ വ്യാഴാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അതെല്ലാം വൈകുന്ന അവസ്ഥയുണ്ടായി. ടാങ്കറിൽ വെള്ളമെത്തിച്ചതിനുശേഷം ശസ്ത്രക്രിയകൾ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയെങ്കിലും പൂർണതോതിൽ ശസ്ത്രക്രിയകൾ തുടങ്ങാനായില്ല.
എന്നാൽ, മുടക്കമില്ലാതെ എല്ലാം നടക്കുമെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. വെള്ളമില്ലാത്തതിനാൽ രാവിലെ ആരംഭിക്കേണ്ട ശസ്ത്രക്രിയകൾ ഉച്ചയോടെയാണ് തുടങ്ങിയത്. വാർഡിലും വെള്ളക്ഷാമം രൂക്ഷമാണെന്ന് രോഗികൾ പറയുന്നു. അത്യാവശ്യത്തിനു പോലും വെള്ളം കിട്ടുന്നില്ല.
കഴിഞ്ഞ മൂന്ന് ദിവസമായി കടുത്ത വെള്ളക്ഷാമമുണ്ട്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണിതെന്നാണ് വാട്ടർ അതോറിറ്റി വിശദീകരണം. ടാങ്കിൽ രണ്ട് ദിവസമായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു.
അതിനാൽ വെള്ളം മുടങ്ങാൻ സാധ്യതയുണ്ടെന്നും ക്രമീകരണങ്ങൾ ഒരുക്കണമെന്നും 28, 29 തീയതികളിൽ വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ, വ്യാഴാഴ്ച അപ്രതീക്ഷിതമായി വൈദ്യുതിയില്ലാതാകുകയും വെള്ളം മുടങ്ങുകയും ചെയ്തെന്നാണ് ഇപ്പോൾ വാട്ടർ അതോറിറ്റിയിൽ നിന്ന് ലഭിക്കുന്ന വിശദീകരണം. പകരം ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ കാലതാമസം വന്നു.
ടാങ്കറിൽ വെള്ളമെത്തിക്കുന്നതടക്കം ക്രമീകരണങ്ങളിലുണ്ടായ വീഴ്ചയാണിത്. ഇപ്പോൾ ഒരു ടാങ്കറിൽ വാട്ടർ അതോറിറ്റി വെള്ളമെത്തിച്ചിട്ടുണ്ട്. ആവശ്യത്തിന് വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.