തിരുവനന്തപുരം: മോദി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. തലേക്കുന്നില്‍ ബഷീര്‍ സ്മാരക പുരസ്കാരം ഇന്ദിര ഭവനില്‍ ഡോ ജോര്‍ജ് ഓണക്കൂറിനു നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഡ്യ മുന്നണി അധികാരത്തിലേറിയാല്‍ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കും. പൗരത്വനിയമത്തില്‍ മുമ്പും പല ഭേദഗതികളും ഉണ്ടായിട്ടുണ്ട്. പക്ഷേ, അതൊന്നും മതം അടിസ്ഥാനമാക്കിയായിരുന്നില്ലെന്ന് ആന്റണി ചൂണ്ടിക്കാട്ടി. ലോകം ഇന്ത്യയെ ആദരിക്കുന്നത് വൈവിധ്യങ്ങളേയും മതേതരത്വത്തേയും സംരക്ഷിച്ചതിനാണ്.
തലേക്കുന്നില്‍ ബഷീര്‍ കറകളഞ്ഞ മതേതരവാദിയും തികഞ്ഞ ദേശസ്നേഹിയുമായിരുന്നു. കഴക്കൂട്ടം സീറ്റ് തനിക്ക് നിബന്ധനകളില്ലാതെ വിട്ടുതന്ന മഹാമനസ്കനുമായിരുന്നു അദ്ദേഹമെന്നും ആന്റണി ചൂണ്ടിക്കാട്ടി.
പൗരത്വനിയമഭേദഗതിയില്‍ മുസ്ലിംകളെ ഒഴിവാക്കിയ മോദി സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് മലപ്പുറത്ത് പ്രസംഗിച്ച മുഖ്യമന്ത്രി സ്വാതന്ത്ര്യസമരത്തില്‍ മുസ്ലിംകളുടെ സംഭാവനകള്‍ എടുത്തു പറഞ്ഞിരുന്നു. എന്നാല്‍, അന്ന് കമ്യൂണിസ്റ്റുകാര്‍ എവിടെയായിരുന്നെന്നും ക്വിറ്റ് ഇന്ത്യ സമരത്തെ പിന്നില്‍നിന്നു കുത്തിയ ചരിത്രം അവരുടേതാണെന്നും കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന് ചൂണ്ടിക്കാട്ടി. ഡോ. ശശി തരൂര്‍, വി.എസ്. ശിവകുമാര്‍, പാലോട് രവി, ചെറിയാന് ഫിലിപ്, ഡോ.എം.ആര്. തമ്പാന്, ബി.എസ്. ബാലചന്ദ്രന്, ഇ. ഷംസുദ്ദീന്, ജഗ്ഫര്‍ തേമ്പാമൂട്, വിനോദ് സെന്‍ എന്നിവര്‍ സംസാരിച്ചു.
കേരള കൗമുദി മുന്‍ എക്സിക്യുട്ടിവ് എഡിറ്റര്‍ ബി.സി. ജോജോയുടെ നിര്യാണത്തില്‍ കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന് അനുശോചിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തനരംഗത്തെ കുലപതിയായിരുന്ന അദ്ദേഹം മാതൃകാപത്രപ്രവര്ത്തകനായിരുന്നെന്നും ഹസന് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.