തിരുവനന്തപുരം: തലസ്ഥാനത്തിന്റെ നഗരവീഥികളെ ആവേശം കൊള്ളിച്ച് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന്റെ റോഡ് ഷോ. ചൊവ്വാഴ്ച രാവിലെ കിള്ളിപ്പാലത്ത് നിന്നാരംഭിച്ച റോഡ് ഷോ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു.
ശശി തരൂരിന്റെ വിജയം ബി.ജെ.പി പോലും സമ്മതിച്ചുകഴിഞ്ഞതാണെന്നും ഒ. രാജഗോപാലിന്റെ പ്രസ്താവന അതിനോട് ചേർത്ത് വായിക്കണമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥിയായി മൽസരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിനോ കർണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നൽകിയതെന്ന് ഡി.കെ ശിവകുമാർ ചോദിച്ചു.
അദ്ദേഹം ഒരു മലയാളിയും ബിസിനസുകാരനുമാണ്. തിരുവനന്തപുരത്തിനായി എന്ത് പദ്ധതിയാണ് കേന്ദ്രമന്ത്രിയായിരിക്കെ അദ്ദേഹം കൊണ്ടുവന്നതെന്ന് പറയണം. വിദേഷ്വത്തിന്റെയും അകൽച്ചയുടെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ മാറ്റിനിർത്തേണ്ട ഘട്ടമാണ് സംജാതമായതെന്ന് റോഡ് ഷോക്ക് നേതൃത്വം നൽകിയ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
രാജ്യത്തിന്റെ വൈവിധ്യങ്ങൾ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സി.എ.എയിലൂടെ ഒരുമതവിഭാഗത്തെ പുറത്താക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. പുറത്താക്കലിന്റെ രാഷ്ട്രീയമല്ല, ഉൾക്കൊള്ളലിന്റെ രാഷ്ട്രീയമാണ് രാജ്യത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി അധ്യക്ഷൻ പാലോട് രവി, യു.ഡി.എഫ് ജില്ല ചെയർമാൻ ബീമാപള്ളി റഷീദ്, എം. വിൻസെന്റ് എം.എൽ.എ, മുൻ മന്ത്രി വി.എസ് ശിവകുമാർ, കോൺഗ്രസ് നേതാക്കളായ ശരത്ചന്ദ്ര പ്രസാദ്, എൻ. ശക്തൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.