റഫീഖ്, ചേമ്പുപാന റഷീദ്

വനിതാ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും മർദിച്ചു; രണ്ടുപേർ അറസ്​റ്റിൽ

Woman doctor and security guard beaten; Two arrestedതിരുവനന്തപുരം: ചികിത്സ തേടിയെത്തിയ രണ്ടംഗസംഘം മദ്യലഹരിയിൽ വനിതാ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും മർദിച്ചു. ഫോർട്ട് സർക്കാർ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോ. മാലു മുരളിക്കും സുരക്ഷ ജീവനക്കാരൻ സുഭാഷിനുമാണ് മർദനമേറ്റത്. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്​റ്റ് ചെയ്തു. മണക്കാട് കരിമഠം കോളനിയിൽ ടി.സി. 39/2059 ൽ റഷീദ് (41), വള്ളക്കടവ് 16 കാൽ മണ്ഡപത്തിന് സമീപം പള്ളത്ത് വീട്ടിൽ റഫീഖ് (34) എന്നിവരാണ് പിടിയിലായത്. കൈക്ക്​ പരിക്കേറ്റ റഷീദ് സ്ഥിരമായി ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നയാളാണ്. റഫീഖിന് മുതുകിൽ മുറിവ് പറ്റിയാണ് വ്യാഴാഴ്ച രാത്രി അത്യാഹിതവിഭാഗത്തിൽ എത്തിയത്.

മുറിവ് എങ്ങനെയാണ്​ സംഭവിച്ചതെന്ന് ഡോക്ടർ ചോദിച്ചതോടെ റഫീഖ് പ്രകോപിതനായി ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് കണ്ട് തടയാനെത്തിയ സുഭാഷിനെയും ഇരുവരും ചേർന്ന് തള്ളിയിട്ട് മർദിച്ചു. ആശുപത്രിയിലിരുന്ന ഉപകരണങ്ങളെടുത്തും മർദിക്കാൻ ശ്രമിച്ചു. റഫീഖ് വീണ്ടും ഡോക്ടറെ മർദിക്കുകയും വസ്ത്രം വലിച്ച് കീറാൻ ശ്രമിക്കുകയും ചെയ്തതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. തുടർന്ന് ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. അരമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് എത്തിയതെന്നും ജീവനക്കാർ പറയുന്നു. ഇവർ സ്ഥിരം പ്രശ്‌നക്കാരാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. മുമ്പും ഇവർ ജീവനക്കാരോട് മോശമായി പെരുമാറിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസിനെ അറിയിച്ചിരുന്നു.

മുറിവിൽ ഒട്ടിച്ചിരുന്ന പ്ലാസ്​റ്ററുകളും മറ്റും നഴ്‌സിങ് ജീവനക്കാരുടെ മുഖത്തേക്ക് വലിച്ചെറിയുകയും മോശമായി സംസാരിക്കുകയും ചെയ്യാറുണ്ടെന്നും പരിക്കേറ്റ ഡോ. മാലുമുരളി പറഞ്ഞു.ഡോക്ടറെയും ജീവനക്കാരനെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഫോർട്ട് ആശുപത്രിയിലെ ജീവനക്കാർ വെള്ളിയാഴ്ച ഒ.പി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. തുടർന്ന് മന്ത്രി വി. ശിവൻകുട്ടി സ്ഥലത്തെത്തി ജീവനക്കാരോട് സംസാരിച്ചു. പ്രതികളെ പിടികൂടുമെന്നും കർശന നടപടിയുണ്ടാകുമെന്നും ജീവനക്കാരെ അറിയിച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്കകംതന്നെ രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ഇതോടെയാണ് ജീവനക്കാർ പ്രതിഷേധം അവസാനിപ്പിക്കാൻ തയാറായത്.

സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്ന്​ കലക്ടർ

തിരുവനന്തപുരം: ജില്ലയിലെ അത്യാഹിതവിഭാഗ സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്ന് കലക്​ടർ ഡോ. നവ്ജ്യോത് ഖോസ. ദേശീയ ആരോഗ്യ ദൗത്യത്തി​െൻറ പ്രവർത്തകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ദേശീയ ആരോഗ്യദൗത്യത്തിനാണ് ചുമതല.

പാറശ്ശല താലൂക്ക് ആസ്ഥാന ആശുപത്രി, ഗവ.ഫോർട്ട് ആശുപത്രി എന്നിവിടങ്ങളിൽ ഡോക്ടർമാർക്കുനേരെ നടന്ന അതിക്രമത്തി​െൻറ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ അതിക്രമങ്ങളെ കലക്​ടർ ശക്തമായി അപലപിച്ചു.

കോവിഡ്- കോവിഡ് ഇതര മാനേജ്‌മെൻറ്​, ധനവിഹിതം, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ മെച്ചപ്പെടുത്തൽ, ആശാ വർക്കർമാരുടെ ഓണറേറിയം, കാരുണ്യ കമ്യൂണിറ്റി ഫാർമസികളുടെ പ്രവർത്തനം, ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ, ജില്ലയിലെ വിവിധ ആരോഗ്യ പദ്ധതികൾ എന്നിവ സംബന്ധിച്ച് ചർച്ച ചെയ്തു. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു, ദേശീയ ആരോഗ്യദൗത്യം ഡി.പി.എം ഡോ. അരുൺ പി.വി, ആർദ്രം നോഡൽ ഓഫിസർ ഡോ. അജീഷ്, നാഷനൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. കെ.എസ്. ഷൈജു, കുടുംബശ്രീ ജില്ലാ പ്രോജക്റ്റ് മാനേജർ രജിത പി. ജിത്തു, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Woman doctor and security guard beaten; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.