തിരുവനന്തപുരം: ചികിത്സ വൈകിയെന്നാരോപിച്ച് നഴ്സിങ് ഓഫിസറെ ആക്രമിച്ച സംഭവത്തിൽ പൂവാർ വരവിള തോപ്പുവീട്ടിൽ അനു (28) റിമാൻഡിൽ. ഞായറാഴ്ച മെഡിക്കൽ കോളജ് 28ാം വാർഡിൽ ചികിത്സയിലിരുന്ന അനുവിന്റെ അമ്മാവന് ഡ്രിപ്പിടാൻ എത്തിയതായിരുന്നു നഴ്സ്.
ഈ സമയം രോഗി അവിടെ ഉണ്ടായിരുന്നില്ല. വരുമ്പോൾ അറിയിക്കാൻ പറഞ്ഞ് മുറിയിലേക്ക് നടക്കാനൊരുങ്ങുമ്പോൾ കൂട്ടിരിപ്പുകാരനായ അനു നഴ്സ് പ്രസീതയോട് ദേഷ്യപ്പെടുകയും കൈയിൽ കയറിപ്പിടിക്കുകയും ചെയ്തു. മറ്റ് രോഗികളും കൂട്ടിരിപ്പുകാരും ഇടപെട്ടാണ് ഇയാളെ പിന്തിരിപ്പിച്ചത്.
ഞായറാഴ്ച രാത്രിയോടെ അനുവിന്റെ അറസ്റ്റ് മെഡിക്കൽ കോളജ് പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് നഴ്സിങ് സംഘടനകൾ സംയുക്തമായി പ്രകടനം നടത്തി. കെ.ജി.എൻ.യു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം അനസ്, കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
കെ.ജി.എൻ.എ ജില്ല സെക്രട്ടറി സുഷമ, കെ.ജി.എൻ.യു ജില്ല സെക്രട്ടറി ടി.ആർ. കാർത്തിക്, കെ.ജി.എൻ.എ ജില്ല ട്രഷറർ ആശ, ഐ.എം.എ സംസ്ഥാന നേതാവ് ഡോ. എസ്. ബിനോയ്, കെ.ജി.എം.സി.ടി.എ തിരുവനന്തപുരം യൂനിറ്റ് പ്രസിഡന്റ് ഡോ. ആർ.പി ശ്രീകുമാർ എന്നിവർ സംസാരിച്ചു. ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുത്ത് മാതൃകപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.