തിരുവനന്തപുരം: വനിതാകമീഷന് അദാലത്തുകളില്‍ ലഭിക്കുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് അധ്യക്ഷ അഡ്വ. പി. സതീദേവി. വിവാഹ സമയത്ത് നല്കിയ ആഭരണങ്ങളും മറ്റ് വസ്തുവകകളും തിരികെക്കിട്ടണമെന്ന ആവശ്യവുമായി അദാലത്തില്‍ എത്തുന്നവരുടെ എണ്ണവും കൂടിവരുന്നു. കച്ചവട മനസ്ഥിതിയോടെ നടക്കുന്ന വിവാഹങ്ങളുടെ പരിണിതഫലമാണ് ഈ സങ്കീര്ണാവസ്ഥക്ക് കാരണമെന്നും ജവഹര്‍ ബാലഭവനിൽ നടന്ന ഹിയറിങ്ങിന് ശേഷം അഡ്വ. പി. സതീദേവി പറഞ്ഞു.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികളും പരിഗണയിലുണ്ട്. സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും പോഷ് നിയമപ്രകാരം രൂപവത്കരിച്ച ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരാതിയുണ്ട്. ഇവ നിയമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്ന കാര്യം കമീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും അധ്യക്ഷ പറഞ്ഞു.
വനിതാ കമീഷന് അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്, വി.ആര്. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണൻ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്, അഭിഭാഷകരായ സോണിയ സ്റ്റീഫന്‍, അശ്വതി, സൂര്യ, കൗണ്‍സിലര്‍ ശോഭ എന്നിവരും അദാലത്തിൽ പങ്കെടുത്തു.
ചൊവ്വാഴ്ച പരിഗണിച്ച 150 പരാതികളിൽ 65 എണ്ണവും പരിഹരിച്ചു. എട്ട് കേസുകളില്‍ റിപ്പോര്‍ട്ട് തേടുകയും മൂന്ന് കേസുകള്‍ കൗണ്‍സലിംഗിന് അയക്കുകയും ചെയ്തു. 74 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. ഗ്രാമപ്രദേശങ്ങളിലെ പരാതികൾ ബുധനാഴ്ചത്തെ അദാലത്തിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.