ഭക്ഷ്യവിഷബാധ: ജാഗ്രത പാലിക്കണം -ഡി.എം.ഒ

കൽപറ്റ: ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുകയും കാസർകോട്ട് ഒരു വിദ്യാർഥി മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുന്നതുമൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം. ഭക്ഷണം പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധക്ക് കാരണമാകുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പാകംചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചുവെച്ച് പിന്നീട് പാകംചെയ്യുന്നതോ ആയ ഷവര്‍മ, ബര്‍ഗര്‍ പോലുള്ള ഹോട്ടല്‍ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. വീട്ടിലുണ്ടാക്കി സൂക്ഷിച്ചുവെച്ച് പിന്നീട് ഉപയോഗിക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്. പൊടിപടലങ്ങളില്‍നിന്നും മലിനജലത്തില്‍നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാനുള്ള സാധ്യതയും ഏറെയാണെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. Inner Box ഭക്ഷ്യവിഷബാധ: കാരണങ്ങള്‍ മലിനമായ വെള്ളം ഉപയോഗിക്കുക, ശുചിത്വമില്ലാതെ പാചകം ചെയ്യുക, പാചകം ചെയ്യാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ മാലിന്യം കലരുക, വൃത്തിയില്ലാത്ത പാത്രങ്ങൾ ഭക്ഷണം പാചകം ചെയ്യാനോ ഭക്ഷണം സൂക്ഷിച്ചുവെക്കാനോ ഉപയോഗിക്കുക, ഇറച്ചി, മീന്‍, പാല്‍, പാലുൽപന്നങ്ങള്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണപദാർഥങ്ങള്‍ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ ഭക്ഷ്യവിഷബാധക്ക് കാരണമാകും. ലക്ഷണങ്ങള്‍ ഭക്ഷണം കഴിച്ചശേഷമുണ്ടാകുന്ന ഓക്കാനം, ഛർദി, മനംപിരട്ടല്‍, ശരീരവേദന, ശരീരത്തില്‍ തരിപ്പ്, വയറിളക്കം, വയറുവേദന, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണം. ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലോ ചിലപ്പോള്‍ ഒരു ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഇടവേളക്കുശേഷമോ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണം വരെ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. സാധാരണഗതിയിലുള്ള അധികം ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണെങ്കില്‍ നിര്‍ജലീകരണ ചികിത്സകൊണ്ട് ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ് ലായനി തുടങ്ങിയവ കുടിക്കാന്‍ നല്‍കണം. രോഗിയുടെ ശരീരത്തില്‍ ജലാംശം കുറയാതെ നോക്കണം. ഛർദി ആവര്‍ത്തിക്കുക, ഒരു ദിവസം കഴിഞ്ഞും ഭേദമാകാതിരിക്കുക, തളര്‍ന്ന് അവശനിലയിലാവുക, വയറിളക്കം പിടിപെടുക, കടുത്ത വയറുവേദന അനുഭവപ്പെടുക, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടൻ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്. മുന്‍കരുതലുകൾ ഭക്ഷ്യവിഷബാധക്കെതിരെയുള്ള മുന്‍കരുതലുകളിൽ പ്രധാനം ശുചിത്വമാണ്. അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനുശേഷം മാത്രമേ ഭക്ഷണം പാചകം ചെയ്യാവൂ. വൃത്തിയുള്ള പാത്രങ്ങളില്‍ മാത്രം ഭക്ഷണം നല്‍കണം. പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങള്‍ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം. ഈച്ചശല്യം ഒഴിവാക്കണം. ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. പച്ചക്കറികള്‍ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ. കേടായ ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. പാചകം ചെയ്ത ഭക്ഷണസാധനങ്ങള്‍ നിയന്ത്രിതമായ ഊഷ്മാവിലല്ല സൂക്ഷിക്കുന്നതെങ്കില്‍ അവ നിശ്ചിതസമയത്തിനുശേഷം ഉപയോഗിക്കാതിരിക്കുക. പൊതുചടങ്ങുകളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് നന്നായി കൈ കഴുകുന്നതിനുള്ള സൗകര്യം നൽകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക, ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, ഇലകള്‍ എന്നിവ നന്നായി വൃത്തിയാക്കുക തുടങ്ങിയവ പ്രധാനമാണ്. പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, പാക്കറ്റില്‍ ലഭ്യമായ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ആഹാരപദാർഥങ്ങള്‍ എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. പൊതുചടങ്ങുകള്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതാണെന്നും ചെമ്പുപാത്രങ്ങളാണെങ്കില്‍ ഈയംപൂശിയിട്ടുള്ളതാണെും ഉറപ്പുവരുത്തുക. വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലില്‍നിന്ന് മാത്രം ആഹാരം കഴിക്കുക. യാത്രകളില്‍ കഴിയുന്നതും സസ്യാഹാരം മാത്രം കഴിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.