മെഗാ മേള മേയ് ഏഴുമുതൽ

*മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും കൽപറ്റ: 'എന്റെ കേരളം' മെഗാ എക്‌സിബിഷന്‍ കൽപറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് മേയ് ഏഴുമുതല്‍ 13 വരെ വിപുലമായ പരിപാടികളോടെ നടക്കും. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് എക്‌സിബിഷൻ. ഏഴിന് വൈകീട്ട് നാലിന് ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യുമെന്നും കലക്ടർ എ. ഗീത വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം.പി, ഒ.ആര്‍. കേളു എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കൽപറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, നഗരസഭ-ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരായ ജസ്റ്റിന്‍ ബേബി, സി. അസൈനാര്‍, ഗിരിജ കൃഷ്ണന്‍, ടി.കെ. രമേശ്, സി.കെ. രത്‌നവല്ലി, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി. പ്രദീപ് എന്നിവർ സംസാരിക്കും. ഏഴ് ദിവസങ്ങളിലായി 10 സെമിനാറുകളും ഒമ്പത് കലാ- സാംസ്‌കാരിക പരിപാടികളും എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിക്കും. കാര്‍ഷിക-ഭക്ഷ്യമേളയും ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന മേളയിലും കലാപരിപാടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. എ.ഡി.എം എന്‍.ഐ. ഷാജു, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മുഹമ്മദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ പി. ജയരാജന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത്, ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ സാമുവല്‍, കുടുംബശ്രീ മിഷന്‍ എ.ഡി.എം സി. വാസു പ്രദീപ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. Inner Box എല്ലാ ദിവസവും വൈകീട്ട് സാംസ്‌കാരിക പരിപാടികള്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. മേയ് ഏഴിന് വൈകീട്ട് 6.30ന് ഷഹബാസ് അമന്റെ ഗസല്‍ സംഗീതനിശ അരങ്ങേറും. മേയ് എട്ടിന് വൈകീട്ട് 6.30 ന് ഉണർവ് നാടന്‍പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങളും നടക്കും. മേയ് ഒമ്പതിന് വൈകീട്ട് 6.30 ന് വിനോദ് കോവൂര്‍ (എം80 മൂസ), സലീഷ് ശ്യാം നയിക്കുന്ന ഹാസ്യ സംഗീത വിരുന്ന് അരങ്ങേറും. മേയ് 10ന് വൈകീട്ട് 6.30ന് ഫാസില ബാനു ടീം അവതരിപ്പിക്കുന്ന മാപ്പിള കലാസന്ധ്യ. തുടര്‍ന്ന് എടരിക്കോട് കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി, ചാവക്കാട് അറബന സംഘത്തിന്റെ അറബന മുട്ട് എന്നിവ നടക്കും. മേയ് 11ന് വൈകീട്ട് അഞ്ചിന് മലമുഴക്കി മ്യൂസിക് ബാൻഡ് മുളകൊണ്ടുള്ള വാദ്യോപകരണങ്ങളുടെ സംഗീത പരിപാടി അവതരിപ്പിക്കും. തുടര്‍ന്ന് വൈകീട്ട് 6.30ന് ഇന്ത്യന്‍ ഗ്രമോത്സവം (ഭാരത് ഭവന്‍) അഞ്ച് സംസ്ഥാനങ്ങളിലെ തനത് നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും. എഴുപതോളം കലാകാരന്മാര്‍ പങ്കെടുക്കും. മേയ് 12ന് വൈകീട്ട് 6.30ന് സമീര്‍ ബിന്‍സി-ഇമാം മജ്ബൂര്‍ ടീം നയിക്കുന്ന സൂഫി സംഗീതം. മേയ് 13ന് വൈകീട്ട് അഞ്ചിന് കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം വിദ്യാർഥികളുടെ യോഗ ഡാന്‍സ് എന്നിവയും അരങ്ങേറും. ....................... വെള്ളക്കെട്ട് ഒഴിവാകാതെ വെള്ളമുണ്ട *ഓവുചാലുകൾ നോക്കുകുത്തിയാവുന്നു വെള്ളമുണ്ട: ലക്ഷങ്ങൾ മുടക്കി നിർമിച്ച ഓവുചാലുകൾ വർഷങ്ങളായി നോക്കുകുത്തികളായതോടെ വെള്ളമുണ്ടയിൽ വെള്ളപ്പൊക്കം. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളിലെല്ലാം വർഷങ്ങളായി ഓവുചാലുകൾ ഉപയോഗമില്ലാതെ കിടക്കുകയാണ്. സ്വകാര്യ വ്യക്തികളുടെ കൈയേറ്റത്തിൽ ചാലുകൾ അടഞ്ഞതോടെ ടൗൺ മലിന ജലത്തിൽ മുങ്ങുകയാണ്. പഞ്ചായത്ത് ആസ്ഥാനമായ എട്ടേനാൽ ടൗണിൽ ഒരു കോടിയോളം മുടക്കി മൂന്ന് ഘട്ടങ്ങളിലായി നിർമിച്ച ഓവുചാലുകൾ പോലും മണ്ണ് മൂടി ഉപയോഗശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തരുവണ, വെള്ളമുണ്ട ടൗണുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഓവുചാലിലൂടെ ഒഴുകേണ്ട മലിനജലം റോഡിലൂടെ ഒഴുകി ടൗൺ മധ്യത്തിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവായിട്ടുണ്ട്. മാനന്തവാടി - നിരവിൽപുഴ റോഡിന്റെ ഇരുവശത്തും മൊതക്കര സ്കൂൾ റോഡരികിലുമുള്ള ഓവുചാലുകളാണ് മൂടിക്കിടക്കുന്നത്. മൊതക്കര റോഡിലെ മലിനജലം ഓട്ടോസ്റ്റാൻഡിൽ തങ്ങിനിൽക്കുന്നു. ഇത് വാഹനം കയറാനെത്തുന്നവർക്കും വിദ്യാർഥികളടക്കമുള്ള കാൽനടക്കാർക്കും ദുരിതമാകുന്നു. വിനോദ സഞ്ചാര വകുപ്പിന്റെയും പി.ഡബ്ല്യു.ഡി ഫണ്ടും ഉപയോഗിച്ച് നിർമിച്ച ഈ ഓവുചാലിനു മാത്രം അരക്കോടിയോളം രൂപ ചെലവിട്ടിരുന്നു. എന്നാൽ, ഒരു ഉപകാരവും ഇതുകൊണ്ട് ടൗണിന് ലഭിച്ചിട്ടുമില്ല. സമീപത്തെ ചില സ്വകാര്യ വ്യക്തികൾ കുന്നിടിച്ച മണ്ണ് വീണ് ഓവുചാലുകൾ മൂടിയതാണ് ഉപയോഗശൂന്യമാവാൻ കാരണം. മഴ തുടങ്ങിയതു മുതൽ വെള്ളം റോഡിലൂടെ ഒഴുകി റോഡ് തകർന്നു തുടങ്ങിയിട്ടും ചാൽ നന്നാക്കാൻ നടപടികളുണ്ടാവാത്തതിൽ പ്രതിഷേധം വ്യാപകമാണ്. വായ്പ ക്രമക്കേട്: കെ.പി.സി.സി നേതൃത്വത്തിന് പരാതി നല്‍കിയെന്ന് മുന്‍ ഭരണസമിതി അംഗങ്ങള്‍ കല്‍പറ്റ: പുല്‍പള്ളി സര്‍വിസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ ക്രമക്കേട് നടത്തുന്നതിന് നേതൃത്വം നല്‍കിയ മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. അബ്രഹാമിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയതായി ഭരണസമിതിയിലെ മുന്‍ അംഗങ്ങളായ ടി.എസ്. കുര്യന്‍, മണി പാമ്പനാല്‍, ബിന്ദു ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പണയ വസ്തുവിന്റെ മൂല്യം കണക്കാക്കി തയാറാക്കുന്ന രേഖയില്‍ തങ്ങളുടെ വ്യാജ ഒപ്പ് പതിച്ചും ചില ഫയലുകളില്‍ തെറ്റിദ്ധരിപ്പിച്ച് മുന്‍കൂട്ടി ഒപ്പുകള്‍ വാങ്ങിയുമാണ് അബ്രഹാമും മറ്റു ചിലരും വായ്പ വിതരണത്തില്‍ ക്രമക്കേട് കാട്ടിയത്. ഇക്കാര്യം സഹകരണ വകുപ്പ് അധികാരിയെ അറിയിച്ചെങ്കിലും നിരപരാധികളായ തങ്ങളെ സര്‍ചാർജ് നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ നീക്കമില്ലെന്നും ഭരണസമിതി മുന്‍ അംഗങ്ങള്‍ പറഞ്ഞു. ബാങ്കിന് നഷ്ടപ്പെട്ടിട്ടുള്ള പണം തിരിച്ചടപ്പിക്കാൻ കുറ്റാരോപിതരുടെ വീട്ടുപടിക്കൽ സത്യഗ്രഹസമരം ഉൾപ്പെടെയുള്ള സമരപരിപാടികളും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മൂവരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.