അലക്ഷ്യ ഡ്രൈവിങ്​: കുറ്റക്കാര്‍ക്കെതിരെ നടപടി വേണം

മാനന്തവാടി: വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ അലക്ഷ്യ ഡ്രൈവിങ്ങില്‍ പരിക്കേറ്റ ആദിവാസിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്‍റ്​ പി.ജെ. ജോണ്‍ മാസ്റ്റര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചിലെ ഫോറസ്റ്ററായിരുന്ന കെ.വി. വിനോദ്കുമാര്‍ അലക്ഷ്യമായി ജീപ്പ് ഓടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് അരക്കു താഴെ തളര്‍ന്ന ബേഗൂര്‍ കാട്ടുനായ്ക്ക കോളനിയിലെ മുകുന്ദന് നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പി.ജെ. ജോണ്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. എം.ടി. റീന, സി. ബാലകൃഷ്ണന്‍ തുടങ്ങിയവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.