മാനന്തവാടി: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ജില്ലയിലെ വിവിധ റവന്യൂ ഓഫിസുകളില്‍ 112 ഉദ്യോഗസ്ഥര്‍ ഒരേ തസ്തികയില്‍ അഞ്ചു വര്‍ഷത്തിലധികമായി ജോലിചെയ്യുന്നു. മാനന്തവാടി എം.എല്‍.എ ഒ.ആര്. കേളുവിെൻറ ചോദ്യത്തിന് മറുപടിയായി റവന്യൂ മന്ത്രി കെ. രാജനാണ് ഇതു സംബന്ധിച്ച കണക്കുകള്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനുള്ള പൊതുമാനദണ്ഡങ്ങളും വ്യവസ്ഥകളും നിര്‍ണയിച്ചുള്ള റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലകിെൻറ 2020 ആഗസ്റ്റ് 20ലെ ഉത്തരവിനെ മറികടന്നാണ് നൂറിലധികം ഉദ്യോഗസ്ഥര്‍ ഒരേ ഓഫിസില്‍ ജോലി ചെയ്തുവരുന്നത്.
മൂന്നു വര്‍ഷത്തിനപ്പുറം ഒരു ജീവനക്കാരനെയും ഒരേ സീറ്റില്‍/ഒരേ സെക്ഷനില്‍ തുടരുന്നതിന് അനുവദിക്കേെണ്ടന്നും അത്തരം സന്ദര്‍ഭങ്ങളില്‍ ജീവനക്കാരെ അതേ സ്റ്റേഷനുകളിലെ മറ്റ് ഓഫിസുകകളിലേക്ക് നിര്‍ബന്ധമായും മാറ്റണമെന്നും ഒരേ കാര്യാലയത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ നിര്‍ബന്ധമായും ഓഫിസ് മാറ്റം നൽകണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇതു മറികടന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിെൻറ കാലത്ത് നിയമിതരായ ഉദ്യോഗസ്ഥര്‍ രണ്ടാം പിണറായി സര്‍ക്കാറിെൻറ കാലത്തും ഒരേ സ്ഥലത്തുതന്നെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ജോലിചെയ്യുന്നത്.
മാനന്തവാടി താലൂക്കില്‍ മാത്രം എട്ട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻറുമാരും അഞ്ച് ഓഫിസ് അറ്റന്ഡൻറുമാരും ഒരേ ഓഫിസില്‍ അഞ്ചു വര്‍ഷത്തിലേറെയായി തുടരുന്നു. മാനന്തവാടി താലൂക്കില്‍ 16 വില്ലേജ് ഓഫിസുകളുള്ള സാഹചര്യത്തിലാണ് പകുതിയോളം ഓഫിസുകളിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറുമാർ അഞ്ചുവര്‍ഷത്തിലേറെയായി അവിടെ തന്നെ തുടരുന്നത്. കലക്ടറേറ്റിൽ എട്ട് സീനിയര്‍ ക്ലര്‍ക്കുമാരും രണ്ട് ക്ലര്‍ക്കുമാരും 13 ഓഫിസ് അറ്റന്ഡൻറുമാരും രണ്ട് അറ്റന്‍ഡര്‍മാരും ഒരു സെലക്ഷന് ഗ്രേഡ് ടൈപ്പിസ്റ്റും മൂന്ന് സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റുമാരും അഞ്ചുവര്‍ഷത്തിലേറെയായി ഒരേ സീറ്റില്‍ തുടരുന്നു. സുൽത്താൻ ബത്തേരി ഡെപ്യൂട്ടി തഹസിൽദാർക്കും അഞ്ചു വർഷത്തിലേറെയായി സ്ഥാനചലനമില്ല.
ഒരേ ഓഫിസില്‍ തന്നെ വര്‍ഷങ്ങളായി ഇഷ്ടക്കാരെ സ്ഥലംമാറ്റം നല്‍കാതെ പിടിച്ചുെവക്കുന്നത് അഴിമതി ലക്ഷ്യമിട്ടാണെന്ന ആക്ഷേപം നേരത്തേയുണ്ട്. അടുത്തിടെ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുകയും സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ജില്ലയില്‍ മൂന്നുവര്‍ഷമായി ഉണ്ടാകുന്ന പ്രളയവും കോവിഡ് സാഹചര്യങ്ങളുമാണ് സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതിരിക്കാന്‍ ഇടയാക്കിയതെന്നാണ്, മന്ത്രി നിയമസഭയില്‍ കൊടുത്ത മറുപടിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇവരില്‍ ഭൂരിപക്ഷവും എട്ടുവര്‍ഷമായി ഇതേ തസ്കിയില്‍ തുടരുന്നവരാണ്. എന്‍.ജി.ഒ യൂനിയന്‍ അടക്കമുള്ള സംഘടനകള്‍ മാനദണ്ഡം അനുസരിച്ചുള്ള സ്ഥലംമാറ്റത്തിനുള്ള ആവശ്യം തുടര്‍ച്ചയായി ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.