പൊഴുതന: കോവിഡ് ഭീതിക്ക് പുറമെ കാലവർഷവും കൂടി വരാനിരിക്കെ ജില്ലയിലെ തോട്ടം തൊഴിലാളികളുടെ ജീവിതം വീണ്ടും ദുരിതത്തിൽ മുങ്ങി. ഇടവിട്ട് പെയ്യുന്ന മഴയിൽ ചോർന്നൊലിക്കുന്ന ലയങ്ങളിൽ മനസ്സമാധാനത്തോടെ ഇവർക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വൈത്തിരി താലൂക്കിലെ തോട്ടം മേഖലകളിൽ ജോലിചെയ്യുന്ന നൂറിലധികം തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്.
കോവിഡ് ലോക്ഡൗണിെന തുടർന്ന് ശമ്പളം ലഭിക്കുന്നതടക്കം പ്രതിസന്ധിയിലായതോടെ സർക്കാർ നൽകിയ സൗജന്യ റേഷനും കിറ്റും മാത്രമാണ് വിശപ്പടക്കാനുള്ള ഇവരുടെ ആശ്രയം. മഴക്ക് മുേമ്പ ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ മാനേജ്മെൻറുകൾ താൽപര്യം കാണിക്കാതായതോടെ ഏറെ പ്രയാസപ്പെടുന്നത് തൊഴിലാളികളാണ്.
തോട്ടം മേഖലയായ പൊഴുതന പഞ്ചായത്തിലെ പാറക്കുന്നു, അച്ചൂർ, പെരിങ്ങോട, കല്ലൂർ, വേങ്ങത്തോട് തുടങ്ങിയ പല ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞും ചോർന്നൊലിച്ചുമുള്ള ലയങ്ങളിൽ ചെറിയ കാറ്റടിച്ചാൽപോലും ഭയത്തോടെയാണ് തൊഴിലാളികൾ കഴിഞ്ഞുകൂടുന്നത്.
ഭൂരിഭാഗം ലയങ്ങളും ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതാണ്. 1940 കാലഘട്ടത്തിൽ കല്ലും മണ്ണും ഉപയോഗിച്ചു നിർമിച്ച ഒറ്റമുറി പാടികൾ കാലപ്പഴക്കം മൂലം തകർച്ചയിലാണ്.
ഒരെണ്ണം ഇടിഞ്ഞു വീഴുമ്പോൾ അടുത്തതിലേക്ക് മാറി താമസിക്കേണ്ട സ്ഥിതിയാണ് തൊഴിലാളികൾക്ക്. തുറന്ന സ്ഥലത്ത് മേൽക്കൂരയില്ലാത്ത ശൗചാലയങ്ങളാണ് ഇവർ ഇപ്പോഴും ഉപയോഗിക്കുന്നത്.
പലയിടങ്ങളിലേതും പൊട്ടിപ്പൊളിഞ്ഞു ഉപയോഗ ശൂന്യമായി. മാസങ്ങൾക്ക് മുമ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന തൊഴിലാളികളാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. ഇവരെ പാർപ്പിച്ച സ്ഥലങ്ങളിൽ വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. തോട്ടം തൊഴിലാളികളുടെ ലയങ്ങൾ വൃത്തിയാക്കാനായി മാനേജ്മെൻറുകളും ജില്ല ഭരണകൂടവും അടിയന്തര നടപടി കൈക്കൊള്ളണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.