കൽപറ്റ: ഡോക്ടറെന്ന സ്വപ്നവുമായി ലാപ്രോഷ്യയിലെ കാമ്പസ് ജീവിതം മൂന്ന് വർഷം പിന്നിടുമ്പോഴാണ് യുദ്ധത്തിന്റെ ഭയാനകത മുഹമ്മദ് ഫഹദിന്റെ ജീവിതത്തിലേക്കും നേരനുഭവമായി കടന്നുവരുന്നത്. സിനിമകളിലൂടെയും വായനയിലൂടെയും മാത്രം അറിഞ്ഞിരുന്ന യുദ്ധത്തിന്റെ ദുരിതങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നതിന്റെ നടുക്കത്തിലാണ് കൽപറ്റ സ്വദേശിയായ ഈ മെഡിക്കൽ വിദ്യാർഥി. ഒപ്പം, ആശങ്കകളെയെല്ലാം അതിജീവിച്ച് നാടണയാനായതിന്റെ ആശ്വാസവും.
യുക്രെയ്നിലെ ലാപ്രോഷ്യ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാല കാമ്പസിലെ പൊടിനിറഞ്ഞ, അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായ ബങ്കറിൽ ഭീതിയോടെ കഴിയേണ്ടിവന്ന ദിനരാത്രങ്ങൾ ആശങ്കയും ഭയവും നിറഞ്ഞതായിരുന്നു ഫഹദിനും കൂട്ടുകാർക്കും. അധികം അകലെനിന്നല്ലാതെ ഇടവേളകളിൽ കേട്ടുകൊണ്ടിരുന്ന സ്ഫോടന ശബ്ദങ്ങൾ ജീവൻ നഷ്ടപ്പെടമോ എന്ന ഭയം ഇരട്ടിപ്പിച്ചു.വെള്ളവും ഭക്ഷണവും ലഭിക്കാൻ പ്രയാസപ്പെട്ടു. ഐസ് ഉരുക്കി വെള്ളം കുടിക്കേണ്ടിവന്ന സാഹചര്യവുമുണ്ടായി. കൊയിലാണ്ടി സ്വദേശിയായ സാഹിലും കോഴിക്കോട്ടുകാരനായ അഭിനവുമായിരുന്നു കാമ്പസ് ഹോസ്റ്റലിലെ ഫഹദിന്റെ റൂംമേറ്റ്സ്. ഭക്ഷണം റൂമിൽതന്നെ പാകംചെയ്ത് കഴിക്കലായിരുന്നു ഇവരുടെ പതിവ്. യുദ്ധം പടിവാതിൽക്കലെത്തിയ സമയത്ത് കുറച്ച് സാധനങ്ങൾ വാങ്ങിവെക്കാൻ കഴിഞ്ഞതിനാലാണ് മുഴുപ്പട്ടിണിയിലാവാതിരുന്നതെന്ന് ഫഹദ് പറയുന്നു.
മുന്നറിയിപ്പ് സൈറൺ മുഴങ്ങുമ്പോൾ എല്ലാവരും സർവകലാശാലയിലെ ബങ്കറിൽ അഭയംപ്രാപിക്കും. നൈജീരിയ, മൊറോകോ, ഖസാക്സ്താൻ, ലിബിയ എന്നീ രാജ്യങ്ങളിൽനിന്ന് അടക്കമുള്ള വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയിൽ ഇന്ത്യക്കാർ മാത്രം 1200 പേരുണ്ട്. യുദ്ധം തുടങ്ങിയതോടെ യുക്രെയ്നികളായ വിദ്യാർഥികൾ അവരവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. വിദേശ വിദ്യാർഥികളാണ് കാമ്പസിൽ അവശേഷിച്ചത്. അടുപ്പിച്ചടുപ്പിച്ചും ഇടവിട്ടും മുഴങ്ങുന്ന അപായ മണികൾ എന്താണ് സൂചിപ്പിക്കുന്നതെന്ന വിവരം യൂനിവേഴ്സിറ്റി അധികൃതർ വിദ്യാർഥികൾക്ക് ആദ്യമേ നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇവർ ബങ്കറുകളിൽ അഭയംതേടിയിരുന്നത്. ലാപ്രോഷ്യ മെഡിക്കൽ സർവകലാശാല അധികൃതർ മുൻകൈയെടുത്താണ് ഇന്ത്യൻ വിദ്യാർഥികളെ കാമ്പസിൽനിന്ന് ഒഴിപ്പിച്ചത്.
മറ്റ് രാജ്യങ്ങളിൽനിന്നുള്ള ആയിരത്തോളം വിദ്യാർഥികളും കാമ്പസ് വിട്ടു. ബോംബാക്രമണ ഭീതിയും ഭക്ഷ്യസാധനങ്ങളുടെ ദൗർലഭ്യതയുമാണ് വിദ്യാർഥികളെ നാട്ടിലേക്ക് പറഞ്ഞുവിടാൻ സർവകലാശാല അധികൃതരെ പ്രേരിപ്പിച്ചത്. ഇന്ത്യൻ എംബസി അധികൃതരുടെ നിർദേശപ്രകാരം ലാപ്രോഷ്യയിൽനിന്ന് ട്രെയിനിൽ ഹംഗറി അതിർത്തിയിൽ എത്തുകയായിരുന്നു. അവിടെനിന്ന് എംബസി അധികൃതർ ബുഡപെസ്റ്റിലെത്തിച്ചു.
അവിടെ ഒരുദിവസം താമസിച്ചശേഷം ബാച്ചുകളായി എയർഫോഴ്സ് വിമാനത്തിൽ ഡൽഹിയിലേക്ക്. പിന്നീട് കേരളസർക്കാർ ഒരുക്കിയ വിമാനത്തിൽതന്നെ കൊച്ചിയിലേക്കും. അവിടെ നിന്ന് ബസിൽ തിങ്കളാഴ്ച വീട്ടിലുമെത്തുകയായിരുന്നു. സർട്ടിഫിക്കറ്റുകളെല്ലാം സർവകലാശാലയിൽതന്നെയാണുള്ളത്. വരുമ്പോൾ അത്യാവശ്യ സാധനങ്ങൾ മാത്രമാണ് ഇവർക്ക് കൂടെകൊണ്ടുവരാൻ കഴിഞ്ഞത്. കൽപറ്റ വികാസ് നഗറിലെ മുഹമ്മദ് ഫൗസിന്റെയും ഹസീനയുടെയും മകനാണ് ഫഹദ്. എം.എസ്സി സൈക്കോളജി പൂർത്തിയാക്കിയ അൻഫ സുൽത്താന സഹോദരിയാണ്.
ഒരുകുപ്പി വെള്ളവുമായി 34 മണിക്കൂർ; ആനന്ദിന് ഞെട്ടൽ മാറുന്നില്ല
വെള്ളമുണ്ട: 34 മണിക്കൂറിൽ ഒരുകുപ്പി വെള്ളത്തിനുവേണ്ടി അലഞ്ഞ നടന്ന ഓർമകളാണ് ആനന്ദിന് പറയാനുള്ളത്. ട്രെയിൽ യാത്രയിൽ തൊണ്ടവരണ്ട യാത്രക്കാർ വെള്ളം തികയാതെ നെട്ടോട്ടമോടിയത് ഇപ്പോഴും മറക്കാനാവാത്ത അനുഭവമാണെന്ന് യുക്രെയിനിലെ യുദ്ധമുഖത്തുനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ വെള്ളമുണ്ട മൊതക്കര മാനിയിൽ നന്ദനം വീട്ടിലെ ആനന്ദ് ഓർക്കുന്നു. ബ്രഡും വെള്ളവും കഴിച്ച് മെട്രോയിലെ ബങ്കറിനുള്ളിൽ ഏഴ് ദിവസത്തെ ഉറക്കമില്ലാത്ത രാപ്പകലുകൾ. ഇടക്കെപ്പോഴാ ബങ്കറിന് പുറത്തിറങ്ങിയ സമയത്ത് അൽപം മാറി ബോംബിന്റെ വൻ സ്ഫോടനം കേട്ടതോടെ തിരിഞ്ഞോടി. ഒടുക്കം 64 പേരുള്ള സംഘത്തിനൊപ്പം കിട്ടിയ ട്രെയിനിൽ രക്ഷപ്പെട്ട് വിമാനം കയറിയത്. എല്ലാം ഭീതിജനകമായ ഓർമയായി ഇപ്പോഴും നടുക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് ആനന്ദ് വീടഞ്ഞത്. മൂന്നുമാസം മുമ്പാണ് എം.ബി.ബി.എസ് പഠനത്തിനായി യുക്രെയിനിലെ കാർകിവ് നാഷനൽ മെഡിക്കൽ കോളജിലെത്തിയത്. ഭാവി ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും മകൻ സുരക്ഷിതമായി തിരിച്ചെത്തിയ ആശ്വാസത്തിലാണ് അച്ഛൻ മധുവും അമ്മ സ്മിതയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.