പു​ല്ലു​മ​ല​യി​ൽ ക​ടു​വ​യെ നി​രീ​ക്ഷി​ക്കാ​ൻ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ കാ​മ​റ സ്ഥാ​പി​ക്കു​ന്നു

പുല്ലുമലയിൽ ഇടക്കിടെ കടുവ; ശാശ്വത പരിഹാരമില്ല

സുൽത്താൻ ബത്തേരി: മീനങ്ങാടി, പൂതാടി പഞ്ചായത്തുകളുടെ അതിർത്തി മേഖലയായ പുല്ലുമലയിൽ ഇടക്കിടെ കടുവ എത്തുന്നത് ജനത്തെ ആശങ്കയിലാക്കുമ്പോൾ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ല. എല്ലായിടത്തും ചെയ്യുന്നതുപോലെ വെള്ളിയാഴ്ച പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചിട്ട് പോയി. ഇവിടെയും വില്ലനാകുന്നത് മധ്യപ്രദേശ് സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള ബീനാച്ചിയിലെ കാപ്പിത്തോട്ടമാണ്. കടുവ ബീനാച്ചിയിൽ നിന്നാണ് പുല്ലുമല മേഖലയിൽ എത്തുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

പുല്ലുമല, മൈലമ്പാടി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കടുവ എത്തിയത്. വലിയ മാനിനെ കൊന്ന് ഭക്ഷിക്കുകയും ചെയ്തു. ഒരു മാസം മുമ്പ് ഈ മേഖലയിൽ എത്തിയ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു.

ചൂതുപാറയിലും അന്ന് കടുവ എത്തി. സി.സി, വാകേരി, മന്ദംകൊല്ലി വഴിയാണ് കടുവ പുല്ലുമല മേഖലയിലേക്ക് എത്തുന്നത്.

ഇവിടത്തെ സ്വകാര്യ പ്ലാന്‍റേഷനുകൾ കടുവകൾക്ക് താവളമാകുകയാണ്. കഴിഞ്ഞ 20നാണ് വാകേരി ഏദൻവാലി എസ്‌റ്റേറ്റിൽനിന്ന് 14 വയസ്സുള്ള കടുവ പിടിയിലായത്. പശുവളർത്തൽ, പുല്ലു ചെത്തൽ, കുട്ടികളുടെ സ്കൂളിൽ പോക്ക് എന്നിവയിലൊക്കെ ഉണ്ടായിരുന്ന കരുതൽ ഇനിയും വേണ്ടി വരുമോ എന്നാണ് മൈലമ്പാടിയിലെ ചില വീട്ടമ്മമാരുടെ ചോദ്യം.

ബീനാച്ചി എസ്റ്റേറ്റിൽ ഏറെ കടുവകൾ തങ്ങുന്നുണ്ടെന്ന് വനംവകുപ്പ് നേരത്തെ സ്ഥിരീകരിച്ചതാണ്.

ഒന്നര വർഷം മുമ്പാണ് പൂതിക്കാട്, ബീനാച്ചി, മണിച്ചിറ ഭാഗങ്ങളെ വിറപ്പിച്ച മൂന്നു കടുവകൾ ബീനാച്ചി എസ്റ്റേറ്റിലേക്ക് തിരികെ പോയത്. ഒരു തള്ള കടുവയും രണ്ടു കുഞ്ഞുങ്ങളുമായിരുന്നു അന്നുണ്ടായിരുന്നത്.

ആ കടുവകൾ ചെതലയം കാട്ടിലേക്ക് തിരികെ പോയതായി ഒരു സ്ഥിരീകരണവും വനം വകുപ്പിന്‍റെ ഭാഗത്തുനിന്നും പിന്നീട് ഉണ്ടായിട്ടില്ല. അതിനാൽ അന്നത്തെ കുഞ്ഞുങ്ങൾ ഇന്ന് വലുതായിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ഇതുകൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ മന്ദംകൊല്ലിയിൽ കുഴിയിൽ വീണ കടുവക്കുഞ്ഞിനെ പിന്നീട് വനം വകുപ്പ് അല്പം മാറി തുറന്നുവിട്ടിരുന്നു. ജില്ലയിൽ ആകെയുള്ള കടുവകളിൽ നല്ലൊരു ശതമാനവും തങ്ങുന്നത് ബീനാച്ചി എസ്റ്റേറ്റിലാണെന്ന ആക്ഷേപം ശക്തമാണ്.

വനത്തിനുള്ളിൽ കാമറ സ്ഥാപിച്ച് വനംവകുപ്പ് ശേഖരിച്ച കണക്കുകൾ പ്രകാരം രണ്ട് വർഷം മുമ്പ് 100 മുതൽ 130 വരെ കടുവകളാണ് വയനാട്ടിലുള്ളത്. അത് വീണ്ടും കൂടിയിട്ടുണ്ടാകാനാണ് സാധ്യത.

2016 ലെ വനം വകുപ്പിന്റെ കണക്കെടുപ്പിൽ 80 കടുവകൾ മാത്രമായിരുന്നു ജില്ലയിലെ വനമേഖലയിൽ ഉണ്ടായിരുന്നത്

Tags:    
News Summary - frequent tiger in the pullumala; There is no permanent solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.