പൊഴുതന: ആട് വളർത്തലിലൂടെ സന്തോഷത്തിനൊപ്പം നല്ല വരുമാനമാർഗവും കൂടി കണ്ടെത്തുകയാണ് പൊഴുതന ചാത്തോത്ത് കോളനിയിലെ വെളിച്ചിയും ഭർത്താവ് മുരളിയും. പത്തുവര്‍ഷം മുമ്പ് വെറുതെ തോന്നിയ മോഹമാണ് ഇവർക്ക് ആട് വളർത്തൽ ഉപജീവനമാർഗമായി മാറ്റിയത്. അന്ന് കുടുംബശ്രീയിൽ നിന്ന് ലഭിച്ച 800 രൂപയും കൈയിലുള്ള പൈസയും ചേർത്ത് ആടിനെ വാങ്ങി. പത്ത് വർഷം പിന്നിട്ടപ്പോൾ ആടുകളുടെ എണ്ണം നാലിരട്ടിയായി. വെളിച്ചിയുടെ ആടുകളെ തേടി ആവശ്യക്കാർ വന്നതോടെ നല്ല വരുമാനവും ലഭിച്ചു. നിലവിൽ ആകെയുള്ള നാല് സെന്റ് സ്ഥലത്താണ് ഇവർ ആടുകളെ വളർത്തുന്നത്.
വീട്ടുപറമ്പിൽ പാരമ്പര്യരീതിയിൽ ഉണ്ടാക്കിയ കൂട്ടിൽ തള്ളയാടുകളും മുട്ടൻമാരുമടക്കം ഇരുപത്തിഞ്ചോളം ആടുകളുണ്ട്. കൂട് വൃത്തിയാക്കാനും ചപ്പ് വെട്ടാനും കൂട്ടിന് ഭർത്താവും ചേര്‍ന്നതോടെ വെളിച്ചിയുടെ ആടുവളർത്തൽ വിജയമായി. മൂന്നു മാസം മുതല്‍ പ്രായമുള്ള ആട്ടിന്‍ കുട്ടികളെ തള്ളയോടൊപ്പം ഏകദേശം 12,000 മുതല്‍ 15,000 രൂപ വരെ വിലയ്ക്ക് ലഭിക്കുന്നുണ്ട്. മലബാറി വിഭാഗത്തില്‍പെട്ടവയാണ് തിരഞ്ഞെടുക്കുന്നത്. അതിനാല്‍ ദിവസവും കൂട് വൃത്തിയാക്കും. രാവിലെ പത്തിന് ആടിനെ തുറന്നുവിടും. പച്ചപ്പുല്ലും കഞ്ഞിവെള്ളവും തന്നെയാണ് ആടുകളുടെ പ്രധാനതീറ്റ. ശുദ്ധവെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കുന്നുണ്ട്.
രാവിലെ പുറത്തേക്ക് ഇറക്കിവിടുന്ന ഇവ വൈകീട്ട് കൂട്ടിനരികിലേക്ക് തിരിച്ചെത്തും. എന്തെങ്കിലും പരിക്കോ മുറിവോ ഉണ്ടോ എന്ന് ഓരോ ആടിനെയും പരിശോധിച്ച് മാത്രമേ കൂട്ടില്‍ കയറ്റൂ. സാധാരണയായി ആടുകള്‍ക്ക് വലിയ രോഗങ്ങള്‍ പിടിപെടാറില്ല.
വിരശല്യമോ, ദഹനക്കേടോ വരും. അത്തരം സമയങ്ങളിൽ നാട്ടിലെ പഴമക്കാരുടെ ഇടയില്‍ നിന്നും പകര്‍ന്നെടുത്ത പൊടിക്കൈ പ്രയോഗം ഗുണം ചെയ്യും. തുടർന്നും നല്ലരീതിയിൽ ആടുവളർത്തൽ കൊണ്ടുപോകാനാണ് വെളിച്ചിയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.