മുക്കം: രാഹുൽ ഗാന്ധിക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ലന്ന് ആരോപിച്ച് ഇടത് മുന്നണിക്കെതിരെ യു.ഡി.എഫ് നേതാക്കൾ. രാഹുൽ ഗാന്ധിയെ പരിഗണിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് അടുത്തയാഴ്ച തിരുവമ്പാടി മണ്ഡലത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന മൂന്ന് പരിപാടികൾ ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
ബാലുശ്ശേരി ഡിവിഷന് കീഴിലുള്ള കെ.എസ്.ഇ.ബിയുടെ കൂമ്പാറ സെക്ഷൻ ഓഫിസിന്റെ പുതിയ കെട്ടിട ഉദ്ഘാടനം, താമരശ്ശേരി 110 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം, താഴെ തിരുവമ്പാടി -കുമാരനെല്ലൂർ -മണ്ടാം കടവ് റോഡ് ഉദ്ഘാടനം എന്നിവയാണ് ബഹിഷ്കരിക്കുന്നത്. എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷനായ കെ.എസ്.ഇ.ബിയുടെ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ്. ദേവഗൗഡ വിഭാഗത്തിനൊപ്പം നിൽക്കുന്ന കൃഷ്ണൻകുട്ടി പക്ഷം കേന്ദ്രത്തിൽ ബി.ജെ.പിക്കൊപ്പമാണെന്നും അതുകൊണ്ടാണ് ഫ്ലക്സുകളിലും പോസ്റ്ററുകളിലും രാഹുൽ ഗാന്ധിയുടെ പേര് ഒഴിവാക്കിയതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. നേരത്തെ തയാറാക്കിയ പോസ്റ്ററുകളിലും ക്ഷണക്കത്തിലും രാഹുൽ ഗാന്ധിയുടെ ഫോട്ടോ ഉണ്ടായിരുന്നെന്നും പിന്നീട് ഹിഡൻ അജണ്ടയുടെ ഭാഗമായി മാറ്റുകയായിരുന്നെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
എൻ.ഡി.എയുടെ പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി എം.എൽ.എയും ഇടത് മുന്നണിയും കൂട്ടുനിൽക്കുന്നത് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ രഹസ്യ അജണ്ടയുടെ ഭാഗമായാണ്. പുതുപ്പാടിയിൽ നടക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി എം.പിയും കൊടുവള്ളി എം.എൽ.എ എം.കെ. മുനീറും മുഖ്യാതിഥികളാണ്. എന്നാൽ, എം.എൽ.എയുടെ ഫോട്ടോ മാത്രമാണ് നൽകിയതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
ഇൻഡ്യ മുന്നണിയുടെ ഭാഗമായ സി.പി.എമ്മിൽ നിന്ന് ഇത്തരമൊരു നടപടി ഉണ്ടായത് ഞെട്ടൽ ഉളവാക്കിയെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ. ആന്റണി, മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. സിറാജുദ്ദീൻ, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മജീദ് പുതുക്കുടി, രാജേഷ് ജോസ്, എ.എം. അബൂബക്കർ, ജുനൈദ് പാണ്ടികശാല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.