കൽപറ്റ: ജില്ലയില്‍ വ്യാഴാഴ്ച 798 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 128 പേര് രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) 31.79 ആണ്. 26 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ, വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ രണ്ട് ആക്ടിവ് കോവിഡ് ക്ലസ്റ്ററാണ് ഉള്ളത്. പൂക്കോട് വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്സിറ്റി, പുൽപള്ളി പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളിലാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,39,378 ആയി. 1,35,514 പേര് രോഗമുക്തരായി. നിലവില്‍ 2307 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2183 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു.
പുതുതായി നിരീക്ഷണത്തിലായ 1701 പേര് ഉള്‍പ്പെടെ ആകെ 14,527 പേര് നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍നിന്ന് 1637 സാമ്പിളുകള്‍ ബുധനാഴ്ച പരിശോധനക്കയച്ചു.
ജില്ലയില്‍ 15നും 18നുമിടക്ക് പ്രായമുള്ള 86.4 ശതമാനം കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ഇതുവരെ 25,327 കുട്ടികള്‍ക്കാണ് വാക്സിന് നല്‍കിയത്.
ജില്ലയില്‍ ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷന് ആരംഭിച്ചത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ പരമാവധി കുട്ടികള്‍ക്ക് വേഗത്തില്‍ വാക്സിന് നല്‍കാനായി പ്രത്യേക വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിച്ചാണ് വാക്സിന് നല്‍കിയത്. 16 ദിവസംകൊണ്ടാണ് ഇത്രയധികം കുട്ടികള്‍ക്ക് വാക്സിന് നല്കാന് സാധിച്ചതെന്നും ഇത് സംസ്ഥാനതലത്തില്‍തന്നെ ഒന്നാമതാണെന്നും ഡി.എം.ഒ വ്യക്തമാക്കി.ജില്ലയില്‍ 14 ശതമാനത്തോളം കുട്ടികള്‍ മാത്രമാണ് ഇനി വാക്സിന് എടുക്കാനുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗനിർദേശമനുസരിച്ച് ഒരു സ്കൂളില്‍ അഞ്ഞൂറിലധികം കുട്ടികള്‍ വാക്സിന് എടുക്കാനുണ്ടെങ്കില്‍ മാത്രമേ പ്രത്യേക ക്യാമ്പുകള്‍ നടത്തേണ്ടതുള്ളൂ.
ജില്ലയിലെ ഒരു സ്കൂളിലും ഈ സാഹചര്യമില്ലാത്തതിനാല്‍ വാക്സിനെടുക്കാന്‍ അവശേഷിക്കുന്നവരെ കണ്ടെത്തി അധ്യാപകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇവരെ തൊട്ടടുത്തുള്ള വാക്സിനേഷന് കേന്ദ്രത്തില്‍ എത്തിച്ച് വാക്സിന് നല്‍കുന്നതിനുള്ള ക്രമീകരണമാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നതെന്നും ഡി.എം.ഒ അറിയിച്ചു.
ജില്ലയില്‍ 7582 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിന് നല്കി. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ വാക്സിന് നല്‍കിയത്. 18 വയസ്സിനു മുകളില്‍ വാക്സിന് എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും 88 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്സിനും നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.