കല്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങൾ നടപ്പായില്ല. 69 ദിവസം നീണ്ട തൊഴിലാളി സമരത്തിന് ശേഷം തിരുവനന്തപുരത്ത് ഫെബ്രുവരി 13ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളാണ് ഇനിയും നടപ്പാകാത്തത്.
മാർച്ച് ഒന്നു മുതല്‍ എസ്റ്റേറ്റ് തുറന്നുപ്രവര്ത്തിക്കുമെന്നായിരുന്നു തൊഴിലാളി സംഘടന-മാനേജ്മെന്റ് പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനം. ഫെബ്രുവരി 28ന് മൂന്നുമാസത്തെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ ഇതൊന്നും നടപ്പാകാത്തതിനെ തുടർന്ന് മാസങ്ങളായി തൊഴിലും വേതനവുമില്ലാത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ പട്ടിണിയുടെ വക്കിലാണ്.
മാര്‍ച്ച് പകുതി പിന്നിട്ടിട്ടും ശമ്പള കുടിശ്ശിക നല്‍കാനോ എസ്റ്റേറ്റ് തുറന്ന് പ്രവര്‍ത്തിക്കാനോ അധികൃതര്‍ തയാറായിട്ടില്ല. ശമ്പള കുടിശ്ശികയുടെ ബാക്കി മാര്‍ച്ച് 10നകം പൂര്‍ണമായും തൊഴിലാളികള്‍ക്ക് നല്‍കാനും ഏപ്രില്‍ ഏഴിനകം ബോണസ് വിതരണം ചെയ്യാനും യോഗത്തില്‍ ധാരണയായിരുന്നു.
തീരുമാനം നടപ്പാക്കാത്ത മാനേജ്മെന്റ് നടപടിക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മന്ത്രിതല യോഗ തീരുമാനങ്ങള്‍ക്ക് പുല്ലുവിലയാണ് മാനേജ്മെന്റ് നല്‍കുന്നതെന്നും വിഷയത്തിൽ തൊഴില്‍ വകുപ്പ് നിശബ്ദത തുടരുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.
സമരം അവസാനിപ്പാക്കാനായി നടത്തിയ പ്രഹസനമായിരുന്നു മന്ത്രിതല യോഗമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പുല്പാറ, പെരുന്തട്ട നമ്പര്‍ വണ്‍, നമ്പര്‍ ടു ഡിവിഷനുകളിലായി ഇരുന്നൂറോളം തൊഴിലാളികളാണ് എസ്റ്റേറ്റിലുള്ളത്.
ജോലിയുടെ വേതനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലും പൊലീസും തോട്ടം ഉടമയെ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നെങ്കിലും ഉടമ സഹകരിച്ചിരുന്നില്ല. തുടര്‍ന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ ചര്‍ച്ച നടത്തി തീരുമാനമെടുത്തത്.
പിന്നീട് സമരം അവസാനിപ്പിച്ചെങ്കിലും തീരുമാനങ്ങളൊന്നും പ്രാവർത്തികമാകാത്തതിന്റെ പ്രതിഷേധത്തിലാണ് തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.