കൽപറ്റ: ‘കൺഗ്രാറ്റ്സ് ഇന്ത്യൻ എ ടീം ക്യാപ്റ്റൻ മിന്നുമണി’ യെന്ന് എഴുതിയ കേക്കുമായി രാത്രി അപ്രതീക്ഷിതമായി വീട്ടിലെത്തിയ സഹോദരന്മാരെക്കണ്ട് ഇന്ത്യൻ വനിത ക്രിക്കറ്റ് നായിക അത്ഭുതപ്പെട്ടു. പാടത്തും മുറ്റത്തും തങ്ങൾക്കൊപ്പം ബാറ്റ് തട്ടിയും പന്തെറിഞ്ഞും നടന്ന മിന്നുവിനെ ഇംഗ്ലണ്ട് ‘എ’ക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ബി.സി.സി.ഐ നിയോഗിച്ചപ്പോൾ തന്നെ സർപ്രൈസ് കൊടുക്കണമെന്ന ആഗ്രഹത്തിലായിരുന്നു അവർ.
സഹോദരന്മാരില്ലാത്ത മിന്നുവിന്റെ കളിക്കൂട്ടുകാരും കൂടിയാണ് അച്ഛന്റെ അനിയന്മാരുടെയും പെങ്ങൾമാരുടെയും മക്കളായ 15ഓളം പേർ. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് മിന്നുവിന് നായിക പദവിതേടിയെത്തിയത്. അഭിമാന നിമിഷമായിരുന്നു എല്ലാവർക്കും. തങ്ങളുടെ ഇടയിൽനിന്ന് ഒരാൾ ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനായതും ഒരു ടീമിനെ നയിക്കാൻ അവസരം ലഭിച്ചതും വലിയകാര്യമായിട്ടാണ് ഇവർ കാണുന്നത്. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വൻറി 20 പരമ്പരയിൽ ചരിത്രത്തിലാദ്യമായി ഒരുമലയാളിയുടെ ഈനേട്ടം മിന്നു നാട്ടിലെത്തുമ്പോൾ ആഘോഷിക്കാൻ എല്ലാവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു.
എടപ്പെടി യങ്സ്റ്റേഴ്സ് ക്ലബിലെ അംഗം കൂടിയായ മിന്നുവിന്റെ വീട്ടിലേക്കുള്ള വരവിനായി കാത്തിരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ദിവസം രാത്രിയാണ് മിന്നുവിന്റെ പിതാവ് മണി രാത്രി മകൾ വീട്ടിലെത്തുന്ന വിവരം ഇവരെ അറിയിച്ചത്. അതോടെ രാത്രി തന്നെ ടൗണിൽ പോയി കേക്ക് വാങ്ങി.
എല്ലാ സഹോദരന്മാരെയും വിളിച്ചു രാത്രിതന്നെ മിന്നുവിന്റെ വീട്ടിലെത്തുകയായിരുന്നു. സഹോദരന്മാർ വീട്ടിലെത്തിയപ്പോൾ മാത്രമാണ് മിന്നു വിവരം അറിയുന്നത്. പിന്നെ കേക്ക് മുറിച്ചും ക്ലബിന്റെ ജഴ്സി മിന്നുവിന് നൽകിയും രാത്രി മുഴുവൻ ആഘോഷമായിരുന്നു. 16ാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരം അംഗമാണ്. വയനാട് മാനന്തവാടി അമ്പുത്തി എടപെടി കൈപ്പാട്ട് മാവുംകണ്ടി വീട്ടിൽ മണിയുടെയും വസന്തയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.