കൽപറ്റ: ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കിഫ്ബി ധനാനുമതി നൽകിയതോടെ വയനാട് ജില്ലയിൽ പ്രതീക്ഷകളും ആശങ്കയും ഒരുപോലെ ഉയരുന്നു. 2134.50 കോടി ചെലവ് പ്രതീക്ഷിക്കുന്ന വൻ പദ്ധതിക്കാണ് കിഫ്ബി ചൊവ്വാഴ്ച അംഗീകാരം നൽകിയത്. നേരത്തെ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പിന്നീട് കൊങ്കൺ റെയിൽവേ കോർപറേഷൻ തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് പ്രകാരമാണ് 2134.50 കോടി രൂപയുടെ ചെലവ് വരുമെന്ന് കണക്കാക്കിയത്.
കോഴിക്കോട് ജില്ലയിൽനിന്ന് വയനാട്ടിലേക്ക് എത്താനുള്ള പ്രധാനപാതയിലെ ഗതാഗത തടസ്സങ്ങൾക്ക് പരിഹാരമാവുമെന്നത് അടക്കമുള്ള പ്രതീക്ഷകൾക്കൊപ്പം പൊതുവെ അതിദുർബല മേഖലയായ വയനാടിന്റെ പാരിസ്ഥിതിക സന്തുലനത്തെ തുരങ്കപാത തകിടംമറിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
തുരങ്കപാത നിർമാണോദ്ഘാടനം 2021 ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനായി നിര്‍വഹിച്ചിരുന്നു. ഡിസംബറിൽ, മേപ്പാടി കോട്ടപ്പടി വില്ലേജിൽ വിവിധ സർവേ നമ്പറുകളിലായി 4.82 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ചുമതല ജില്ല കലക്ടർക്കാണ്.
കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് നിർമാണ ചുമതല. സാങ്കേതിക പഠനം മുതല്‍ നിർമാണം വരെയുള്ള എല്ലാ പ്രവൃത്തികളും കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ നിർവഹിക്കും. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴയില്‍ ആരംഭിച്ച് വയനാട് കല്‍പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപം തുരങ്കം അവസാനിക്കും.
പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയാവും ആനക്കാംപൊയില്‍-കാള്ളാടി-മേപ്പാടി പാത. രാജ്യത്തെതന്നെ ഏറ്റവും വലിയ തുരങ്കപാതകളില്‍ ഒന്നായി ഇത് മാറുകയും ചെയ്യും. 6.8 കിലോ മീറ്ററാണ് തുരങ്കത്തിെൻറ ദൈര്‍ഘ്യം. 7,50,200 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലേക്കുള്ള അപ്രോച് റോഡുകളും ചേര്‍ത്താൽ 7.826 കിലോ മീറ്ററാവും. ആനക്കാംപൊയിലില്‍നിന്ന് മറിപ്പുഴ വരെ 6.6 കിലോ മീറ്റര്‍ റോഡും ഇതുകഴിഞ്ഞ് ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ 70 മീറ്റര്‍ നീളത്തില്‍ രണ്ടുവരി പാതയുടെ സൗകര്യത്തോടെ പാലവും നിർമിക്കും. പാലം കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സ്വര്‍ഗംകുന്ന് വരെയും റോഡ് നിർമിക്കും. സ്വര്‍ഗംകുന്ന് മുതല്‍ മലതുരന്ന് കള്ളാടി വരെ രണ്ട് വരിപാതയുടെ വീതിയിലാവും നിർമാണം. കള്ളാടിയില്‍നിന്ന് മേപ്പാടിയിലേക്ക് ഒമ്പതു കിലോമീറ്റര്‍ നീളത്തില്‍ റോഡും നിർമിക്കും.
പാത പ്രാവര്‍ത്തികമായാല്‍ വയനാട്ടിലേക്കുള്ള ദൂരം 30 കിലോ മീറ്ററിലധികം കുറയുമെന്നാണ് അധികൃതരുടെ അവകാശവാദം. മൂന്നു വര്‍ഷത്തിനുള്ളില്‍ തുരങ്കപാത പൂര്‍ത്തിയാക്കാനാവുമെന്നും ബംഗളൂരു, മൈസൂരു തുടങ്ങിയ വാണിജ്യ വ്യവസായ, വിനോദസഞ്ചാര മേഖലകളെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാവുമിതെന്നും സർക്കാർ അവകാശപ്പെടുന്നു.
താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിൽനിന്നുള്ള മോചനവും യാത്രാസമയം ലാഭിക്കാമെന്നതും നേട്ടമായി ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെയും കോഴിക്കോട്ടെയും പ്രകൃതിക്ഷോഭങ്ങള്‍കൂടി കണക്കിലെടുത്തുള്ള അലയ് ന്‍മെന്‍റാണ് തെരഞ്ഞെടുത്തത് എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷിച്ച് വികസനം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് തുരങ്കപാതയില്‍ എത്തിനില്‍ക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞത്.
പശ്ചിമഘട്ടത്തിന്റെ ഹൃദയം തുരക്കുന്ന പദ്ധതിയെന്ന ആക്ഷേപം ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഉന്നയിക്കുന്നു. 2018 മുതല്‍ തുടരുന്ന പ്രകൃതിദുരന്തങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് പ്രഥമ പ്രാധാന്യം നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്. അതീവ പരിസ്ഥിതി ദുര്‍ബലമായ ചെമ്പ്രമലയുടെയും വെള്ളരിമലയുടെയും അടിയിലൂടെയാണ് നിർദിഷ്ട തുരങ്കപാത കടന്നുപോവുക.
ഒട്ടകത്തിന്റെ മുഴകള്‍പോലെയുള്ള വാവുള്‍ മലകളും (കാമല്‍ ഹംപ് കോംപ്ലക്സ്), ചാലിയാറിന്റെ പ്രഭവകേന്ദ്രമായ മലനിരകളും ഉള്‍പ്പെടെ സ്ഥിതിചെയ്യുന്നത് ഈ ഭാഗത്താണ്. വയനാട്, കോഴിക്കോട്, മലപ്പുറം അതിര്‍ത്തികള്‍ അതീവ പാരിസ്ഥിതിക ദുര്‍ബലമാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ വളരെ അധികം ആലോചിക്കണമെന്നും മുമ്പ് പഠനം നടത്തിയ സമിതി നിർദേശിച്ചിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സോണ്‍ ഒന്നിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നാച്ചുറല്‍ ലാന്‍ഡ്സ്കേപ്പിലും ഉള്‍പ്പെടുത്തിയ പ്രദേശം കൂടിയാണിത്.
തുരങ്കപാത അവസാനിക്കുന്ന മേപ്പാടിയിലാണ് പുത്തുമല. അതീവ പാരിസ്ഥിതിക ദുര്‍ബലമെന്ന് പഠനം നടത്തിയ ഏജന്‍സികളെല്ലാം ഒന്നടങ്കം പറഞ്ഞ പ്രദേശത്തുകൂടി മലതുരന്ന് തുരങ്കം നിര്‍മിക്കുന്നതിലെ അശാസ്ത്രീയതയാണ് പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും ഉള്‍പ്പെടെ ചോദ്യംചെയ്യുന്നത്. അനേകം ക്യുബിക് മീറ്റര്‍ കരിങ്കല്ല് തരപ്പെടുത്താനുള്ള ഗൂഢാലോചനയും ഇതിന്റെ പിന്നിലുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.
കെ റെയിൽ പദ്ധതിക്കായുള്ള നിർമാണ സാമഗ്രികൾ കണ്ടെത്താനുള്ള മാർഗമായാണ് സർക്കാർ തുരങ്കപാതയെ കാണുന്നതെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.