മാനന്തവാടി: മാനന്തവാടിയിൽ പ്രവർത്തിക്കുന്ന ജില്ല മെഡിക്കൽ ഓഫിസ് (ഡി.എം.ഒ ഓഫിസ്) വീണ്ടും കൽപറ്റയിലേക്ക് മാറ്റാൻ ശ്രമം. വിവിധ രാഷ്ട്രീയ പാർട്ടികൾ സമരവുമായി രംഗത്തെത്തി. താൽക്കാലികമായി മാറ്റില്ലെന്ന ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പുനൽകിയതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു.
ഓഫിസ് കൽപറ്റയിലേക്കുമാറ്റാൻ ഡി.എം.ഒ ആണ് ഉത്തരവിറക്കിയത്.
എന്നാൽ, ഭരണകക്ഷിയായ സി.പി.ഐയും കോൺഗ്രസും ബി.ജെ.പി.യും പ്രതിഷേധവുമായി ഡി.എം.ഒ ഓഫീസിലെത്തി ഡെപ്യൂട്ടി ഡി.എം.ഒ ആൻസിയെ ഉപരോധിക്കുകയും ചെയ്തു.
പ്രതിഷേധത്തെത്തുടർന്ന് തൽകാലം മാനന്തവാടിയിൽത്തന്നെ സൗകര്യപ്രദമായ സ്ഥലത്ത് മാറി പ്രവർത്തിക്കുമെന്ന ഡി.എം.ഒയുടെ ഉറപ്പിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. കോൺഗ്രസ് നേതാക്കളായ എ.എം. നിശാന്ത്, സുനിൽ ആലിക്കൽ, ബി.ജെ.പി നേതാക്കളായ കണ്ണൻകണിയാരം, അഖിൽ പ്രേം, സി.പി.ഐ നേതാക്കളായ ശോഭരാജൻ, നിഖിൽ പത്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി.
2023 ജൂൺ 22ന് ഡി.എം.ഒ ഓഫിസ് കൽപറ്റയിലേക്ക് മാറ്റാൻ നീക്കം നടത്തിയെങ്കിലും പ്രതിഷേധത്തെത്തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. മാനന്തവാടിയിൽ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം ഉപയോഗിക്കാൻ പറ്റാത്തതാണെന്ന പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ നോട്ടീസ് ഉയർത്തിക്കാട്ടിയാണ് ഓഫിസ് മാറ്റാൻ ശ്രമം നടത്തിയത്.
കഴിഞ്ഞ ആറുവർഷത്തോളമായി മാനന്തവാടിയിൽനിന്ന് ഓഫിസ് കൽപറ്റയിലേക്ക് മാറ്റാനുള്ള നീക്കം തുടങ്ങിയിട്ട്.
എന്നാൽ അപ്പോഴൊക്കെയും പ്രതിഷേധവും ഉയർന്നതിനാൽ നടപ്പായില്ല. കഴിഞ്ഞ ജൂൺ മാസം ഓഫിസ് കെട്ടിടം അൺ ഫിറ്റാണെന്ന സർട്ടിഫിക്കറ്റ് പൊതുമരാമത്ത് വകുപ്പിൽനിന്ന് ആരോഗ്യ വകുപ്പ് എഴുതി വാങ്ങിയതെന്ന ആക്ഷേപം ഉയർന്നിരുന്നു.
2020 മാർച്ചിലും ഡി.എം.ഒ ഓഫിസ് കൽപറ്റയിലേക്ക് മാറ്റുവാൻ ആരോഗ്യ വകുപ്പ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. അതേസമയം, ഡി.എം.ഒ.ഒഫിസ് മാറ്റണമെന്ന ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിർദേശം ഇതുവരെയും പിൻവലിച്ചിട്ടുമില്ല. ഡി.എം.ഒ ഓഫിസിന് കീഴിലുള്ള ഏഴോളം വിഭാഗങ്ങൾ ഘട്ടംഘട്ടമായി കൽപറ്റയിലേക്ക് നേരത്തേ മാറ്റുകയും ചെയ്തിരുന്നു.
2018 ജനുവരി 11ന് ഡി.എം.ഒ ഓഫിസിന് കീഴിലെ ആര്.സി.എച്ച് വിങ് കൽപറ്റയിലേക്ക് മാറ്റിക്കൊണ്ട് ഡി.എം.ഒ ഉത്തരവ് ഇറക്കുകയും മാസങ്ങൾക്കുള്ളിൽ മാറ്റുകയും ചെയ്തിരുന്നു.
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ജില്ല മെഡിക്കല്‍ ഓഫിസില്‍ ആര്.സി.എച്ച് വിഭാഗം പ്രവര്‍ത്തിക്കുന്നതെന്ന ആര്.സി.എച്ച് ഓഫിസറുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത് കൽപറ്റ ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടത്തിലേക്ക് മാറ്റിയത്. കോവിഡിന്റെ പാശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായാണ് ജില്ല മെഡിക്കൽ ഓഫിസ് പ്രവർത്തനം 2020ൽ ഭാഗികമായി കൽപറ്റയിലേക്ക് മാറ്റുന്നതെന്നാണ് അന്ന് പറഞ്ഞിരുന്നത്. ദുരന്തനിവാരണ സേന ചെയർമാൻ കൂടിയായ ജില്ല കലക്ടറാണ് മാനന്തവാടിയിൽനിന്ന് ഡി.എം.ഒ ഓഫിസ് കൽപറ്റയിലേക്ക് മാറ്റാൻ അന്ന് നിർദ്ദേശം നൽകിയത്.
ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള കെട്ടിടത്തിലും റവന്യൂ വകുപ്പിന്റെ കൈവശമുള്ള കെട്ടിടങ്ങളിലുമായാണ് മാനന്തവാടിയിൽ ഡി.എം.ഒ ഓഫിസ് പ്രവർത്തനം തുടങ്ങിയത്.
ഡി.എം.ഒ ഓഫിസിന്റെ കീഴിലുള്ള പ്രോഗ്രാം ഓഫിസ് മാത്രമാണ് ഇപ്പോൾ മാനന്തവാടിയിൽ പ്രവർത്തിക്കുന്നത്. അതും മാറ്റിയാൽ ഡി.എം.ഒ ഓഫിസ് പ്രവർത്തനം പൂർണമായും കൽപ്പറ്റയിലായിരിക്കും നടക്കുക. അതേസമയം, ഇക്കാര്യത്തിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.