മാനന്തവാടി: പൊതുമരാമത്ത് റോഡിന്റെ സ്ഥലവും തോടിന്റെ സ്ഥലവും കൈയേറി കെട്ടിടം നിർമിക്കുന്നതായി പരാതി. സ്ഥലം കൈയേറിയുള്ള കെട്ടിട നിർമാണം തടയണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ചെറ്റപ്പാലം ജനകീയ സമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയുള്ള മാനന്തവാടിയിലെ അനധികൃത കെട്ടിടത്തിന്റെ നിർമ്മാണത്തിന്നെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ അധികൃതർ തയാറാവുന്നില്ല. മാനന്തവാടി- മൈസൂരു റോഡിൽ ചെറ്റപ്പാലത്താണ് പൊതുമരാമത്തിന്റെ സ്ഥലവും തോടിന്റെ ഭൂമിയും കൈയേറിയുള്ള നിർമാണം നടക്കുന്നത്. കെട്ടിട നിർമാണം ഉടൻ നിർത്തിവെക്കണം. പതിറ്റാണ്ടുകൾ പഴക്കമുള്ള മാനന്തവാടി ചെറ്റപ്പാലത്തെ രണ്ട് പാലങ്ങൾക്ക് നടുവിലാണ് കെട്ടിടം ഉയരുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാല ത്തിന്റെ ഒരു ഭാഗം അപകട ഭീഷണിയിലായതിനെ തുടർന്ന് മറുഭാഗത്ത് പുതിയ പാലവും നിർമിച്ചിരുന്നു.
ഇരു പാലത്തിനുമരികെ പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ളതും പുഴ പുറമ്പോക്ക് കൈയേറിയുമാണ് നിയമങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ വ്യക്തി കെട്ടിടം നിർമിക്കുന്നത്. ആറ് സെന്റിന്റെ രേഖയിൽ ഏകദേശം പത്ത് സെന്റിലധികം സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നതെന്നും മന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വാർത്തസമ്മേളനത്തിൽ പുളിക്കൂൽ അബ്ദുറഹിമാൻ, പുത്തൻതറ നൗഷാദ്, കെ.ബാലൻ,നിസാം ചില്ലു എന്നിവർ സംബന്ധിച്ചു. അതേസമയം, സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ താലൂക്ക് സർവേയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്നതോടെ നടപടി എടുക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.