മാനന്തവാടി: കുട്ടിബാഗും പുത്തൻകുടയും വാട്ടർബോട്ടിലുമെല്ലാമായി സജീവമാകേണ്ട സ്കൂൾ വിപണി ഇക്കുറിയും നിരാശപ്പെടുത്തി. കോവിഡ് രണ്ടാംതരംഗത്തെ നിയന്ത്രിക്കാനുള്ള ലോക്ഡൗണും ഓൺലൈൻ ക്ലാസുകൾ തുടരാനുള്ള നിർദേശവും എത്തിയതോടെ സ്കൂൾ വിപണി വ്യാപാരികളെ കൈയൊഴിഞ്ഞു. ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തോട് മുന്നോടിയായി മേയിലാണ് സ്കൂൾ വിപണി സജീവമാകുന്നത്.
കഴിഞ്ഞ തവണ ലക്ഷങ്ങൾ മുടക്കി വാങ്ങിക്കൂട്ടിയ സാധനങ്ങൾ ഇപ്പോഴും ഗോഡൗണുകളിൽ കെട്ടി കിടന്ന് നശിക്കുകയാണ്. യൂനിഫോം, ബാഗ്, കുട, നോട്ട് ബുക്ക്, പേന, പെൻസിൽ, വാട്ടർബോട്ടിൽ തുടങ്ങിയവയാണ് പ്രധാനമായും വിൽപന നടക്കുക. കഴിഞ്ഞ തവണ വൈവിധ്യമാർന്ന സാധനങ്ങൾ വിപണിയിൽ എത്തിയിരുന്നു.
എന്നാൽ, അവ വിൽക്കാനാകാതെ വ്യാപാരികൾ കടക്കെണിയിൽ അമർന്നിരിക്കുകയാണ്. ജില്ലയിൽ മുപ്പതോളം സ്കൂൾ ബാഗ് നിർമാണ യൂനിറ്റുകൾ പ്രവർത്തിച്ചിരുന്നു. അതിെൻറ രണ്ടിരട്ടിയിലേറേ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ബാഗ് നിർമാണ യൂനിറ്റുകൾ ഭൂരിഭാഗവും ചെറുകിട വ്യവസായത്തിെൻറ ഭാഗമായാണ് പ്രവർത്തിച്ചുവന്നിരുന്നത്.
രണ്ടു വർഷത്തോളമായി വിറ്റുവരവില്ലാത്തതിനാൽ ഇത്തരം യൂനിറ്റുകൾ വായ്പകൾ തിരിച്ചടക്കാൻ കഴിയാതെ ജപ്തി ഭീഷണിയിലാണ്. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ വിപണി നടത്തുന്ന വ്യാപാരികൾക്ക് ആശ്വാസ നടപടികൾ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.