മാനന്തവാടി: കർണാടക-തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന വയനാട്ടിൽ ലഹരി ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും വർധിക്കുന്നതിൽ ആശങ്ക. ഒരു മാസത്തിനിടെ വയനാട്ടിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടിയതിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ആഗസ്റ്റ് 31 വരെ 116 ഗ്രാം എം.ഡി.എം.എ പിടികൂടിയെങ്കിൽ കഴിഞ്ഞ ദിവസം പിടികൂടിയതടക്കം 120.59 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തതായാണ് എക്സൈസിന്റെ കണക്കുകൾ. ഈ കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എം.ഡി.എം.എ പിടികൂടിയത് വയനാട്ടിലാണ്.
ഇതിൽ ഭൂരിഭാഗവും 10 വർഷം വരെ ശിക്ഷ കിട്ടാവുന്ന കേസുകളാണ്. 98 ശതമാനവും കർണാടകയിൽനിന്ന് വിൽപനക്ക് കൊണ്ടുവരുമ്പോഴാണ് പിടികൂടിയിരിക്കുന്നത്. ഒരു മാസത്തിനിടെ 20.52 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടിയിട്ടുണ്ട്. 646 കോഡ്പ കേസുകളും 37 എം.ഡി.പി.എസും 82 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു.
വയനാട്ടിൽ ലഹരിവസ്തുക്കൾ പിടികൂടുന്ന സംഭവം വ്യാപകമായതോടെ കഴിഞ്ഞ ദിവസം എക്സൈസ് ഉത്തരമേഖല ജോ.കമീഷണർ ബി. പ്രദീപ് വയനാട് ഡെപ്യൂട്ടി കമീഷണർ കെ.എസ്. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. പരിശോധന കർശനമാക്കാനും മാനന്തവാടിയിൽ രണ്ട് യുവാക്കൾ ഒരു ദിവസം ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും തീരുമാനിച്ചതായാണ് സൂചന.ഇവർക്ക് ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. പൊലീസും ഈ സംഭവത്തിൽ അന്വേഷണം നടത്തിന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.